ചെളിക്കളത്തിൽ ഏറ്റുമുട്ടി സർക്കാർ വകുപ്പുകൾ: ഉദ്യോഗസ്ഥരെ പരാജയപ്പെടുത്തി ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ

കൽപ്പറ്റ: സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായ മഡ് ഫെസ്റ്റിൽ കാക്കവയലിലെ ചെളിക്കളത്തിൽ നടന്ന മഡ് ഫുട്ബോളിൽ സർക്കാർ വകുപ്പുകൾ ഏറ്റുമുട്ടി. ഒടുവിൽ സർക്കാരുദ്യോഗസ്ഥരെ പരാജയപ്പെടുത്തി ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ
സൗഹൃദ മത്സരത്തിൽ
വിജയികളായി. അവസാനം വരെ പിടിച്ചു നിന്ന ഡി.ടി.പി.സി. റണ്ണർ അപ്പായി. ആദ്യ മത്സരത്തിൽ ഗ്രൗണ്ട് വാട്ടർവകുപ്പിനെയും രണ്ടാം മത്സരത്തിൽ വയനാട് പ്രസ് ക്ലബ്ബിനെയും പരാജയപ്പെടുത്തി സെമിഫൈനലിൽ കടന്ന റവന്യൂ വകുപ്പ് സെമിയിൽ പരാജയപ്പെട്ടു. മഡ് ഫുട്ബോൾടൂർണ്ണമെൻ്റിനോടനുബന്ധിച്ചാണ് സംഘാടകരും വിവിധ സർക്കാർ വകുപ്പുകളും വയനാട് പ്രസ്സ് ക്ലബ്ബും ഏറ്റുമുട്ടിയത്. സൗഹൃദ മത്സരം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
റവന്യൂ വകുപ്പിനെ കൂടാതെ , കൃഷി, ഗ്രൗണ്ട് വാട്ടർ, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി. ,ഡി.ടി.പി.സി. ,വയനാട് ടൂറിസം ഓർഗനൈസേഷൻ, വയനാട് പ്രസ്സ് ക്ലബ്ബ്, ടൂറിസം ഗൈഡ് അസോസിയേഷൻ, മറ്റ് ടൂറിസം സംഘടനകൾ എന്നിങ്ങനെ 12 ടീമുകൾ പങ്കെടുത്തു. വയനാട് ഡി.ടി.പി.സി.യും ടൂറിസ്റ്റ് ഗൈഡ് അസോസിയേഷനുമാണ് ഫൈനലിൽ മാറ്റുരച്ചത്.
ഒടുവിൽ സർക്കാർ വകുപ്പുകളെ തറപറ്റിച്ച് ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ സൗഹൃദ മത്സരത്തിൽ ജേതാക്കളായി.
നാല് ദിവസമായി നടന്നു വന്ന താലൂക്ക് തല മത്സരങ്ങളുടെ ഫൈനലും സംസ്ഥാന തല മത്സരവും ഞായറാഴ്ച രാവിലെ 9 മണി മുതൽ കാക്കവയലിൽ നടക്കും. മൂന്ന് മണിക്ക് ചെളിയിൽ വടംവലി മത്സരവും പത്താം തിയതി ബത്തേരി സപ്ത റിസോർട്ടിന് സമീപം വൈകുന്നേരം നാല് മണിക്ക് അമ്പെയ്ത്ത് പ്രദർശന മത്സരവും നടക്കും. സ്പ്ലാഷിൻ്റെ പ്രധാന പരിപാടികളിലൊന്നായ ബി ടു ബി മീറ്റ് തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ സപ്ത റിസോർട്ടിൽ നടക്കും. അറുനൂറിലധികം ടൂർ ഓപ്പറേറ്റർമാരാണ് ബി ടു ബി മീറ്റിൽ പങ്കെടുക്കുന്നത്.
ജൂലൈ 11-ന് രാവിലെ 10 മണി മുതൽ നാല് മണി വരെ ബിസിനസ് മീറ്റിൻ്റെ ഭാഗമായി രണ്ട് മണി മുതൽ സപ്ത പവലിയനിൽ സെമിനാറും നടക്കും.

ജൂലൈ 13-ന് രാവിലെ 10 മണി മുതൽ പെരുന്തട്ടയിൽ എം.ടി.ബി. മത്സരങ്ങളും 14-ന് കർലാട് തടാകത്തിൽ കയാക്കിംഗ് മത്സരവും ഉണ്ടാകും.. 14-ന് നടക്കുന്ന ഡെസ്റ്റിനേഷൻ റൈഡിന് ശേഷം മ്യൂസിക് ഷോ ഉണ്ടാകും. മൺസൂൺകാല വിനോദ സഞ്ചാരം ജില്ലയിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വയനാട് ടൂറിസം ഓർഗനൈസേഷൻ നടത്തിവരുന്ന സ്പ്ലാഷ് മഴ മഹോത്സവം ജില്ലയിൽ ജനകീയമാക്കുന്നതിനായാണ് ഇന്ത്യ ടൂറിസം, കേരള ടൂറിസം, ജില്ലാ സ്പോർട്സ് കൗൺസിൽ, മഡ്ഡി ബൂട്ട്സ് വെക്കേഷൻസ് എന്നിവരുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജൂലൈ 5 മുതൽ 15 വരെയാണ് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലും വയനാട് മഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *