കനത്ത മഴ മൂലം നാശനഷ്ടങ്ങള്‍ നേരിട്ട ഉത്തരാഖണ്ഡിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി. സംസ്ഥാനത്തുണ്ടായ നാശനഷ്ടം, റോഡുകളുടെ അവസ്ഥ, കാര്‍ഷിക മേഖലയുടെ നിലവിലെ സാഹചര്യം എന്നിവയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തത്. കൂടാതെ, സംസ്ഥാനത്തുണ്ടായ മറ്റ് നാശനഷ്ടങ്ങളെ കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും പ്രധാനമന്ത്രി വിലയിരുത്തിയിട്ടുണ്ട്.
അതിശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളും, പൊതുസ്വത്ത് നഷ്ടമായതിന്റെ കൃത്യമായ കണക്കുകളും പ്രധാനമന്ത്രിക്ക് മുന്‍പാകെ മുഖ്യമന്ത്രി സമര്‍പ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തന വേളയില്‍ സര്‍ക്കാരും, എസ്ഡിആര്‍എഫും, പോലീസും ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍, മണ്ണിടിഞ്ഞ് തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, അവശ്യ ഘട്ടങ്ങളില്‍ കേന്ദ്രത്തിന്റെ പൂര്‍ണ സഹകരണം സംസ്ഥാനത്തിന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.