സുസ്ഥിര വികസനത്തിന് കോൺക്ലേവ് മാതൃകയാകും; ചീഫ് സെക്രട്ടറി ഡോ.വി. വേണു

കൽപ്പറ്റ: ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനും നാടിൻ്റെ സുസ്ഥിര വികസനത്തിനും വയനാട് ജില്ലാ ഭരണകൂടത്തിൻ്റെ നൂതന ഉദ്യമമായ വൈഫൈ 23 സി.എസ്.ആർ കോൺക്ലേവ് മാതൃകയാവുമെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു പറഞ്ഞു. പടിഞ്ഞാറത്തറ താജ് വയനാട് റിസോർട്ടിൽ നടന്ന പ്രഥമ സി.എസ്.ആർ കോൺക്ലേവിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പദ്ധതികൾക്കൊപ്പം സമൂഹത്തിൻ്റെ ഉന്നമനത്തിന് പൊതുസമൂഹത്തിൻ്റെ കരുതലും കൈത്താങ്ങും അനിവാര്യമാണ്. കോർപ്പറേറ്റ് കമ്പനികളുടെയും ഏജൻസികളുടെയും സംരംഭകരുടെയും സാമൂഹിക പ്രതിബദ്ധതാ പിന്തുണകൾ ഇതിനെല്ലാം ശക്തി പകരും. ആരോഗ്യം, ആദിവാസി, കാർഷിക മേഖലകളിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഇത്തരത്തിൽ ലഭ്യമാകുന്ന തുക കരുതലോടെ വിനിയോഗിക്കണം. ഇതിലൂടെയാണ് ഈ ഉദ്യമം ലക്ഷ്യത്തിലെത്തുക. സി.എസ്.ആർ ഏജൻസികളെ ഒരു കുടക്കീഴിൽ അണിനിരത്തി മികവുറ്റ രീതിയിൽ ആസൂത്രണം ചെയ്ത വയനാട് ജില്ലാ ഭരണകൂടത്തെ ചീഫ് സെക്രട്ടറി അഭിനന്ദിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, എ.ഡി.എം എന്‍.ഐ. ഷാജു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാര്‍, കോര്‍പ്പറേറ്റ് കമ്പനി പ്രതിനിധികള്‍, വിവിധ വകുപ്പ്തല ജീവനക്കാര്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *