മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായ ആദ്യ മലയാളിയായ മിന്നുമണിക്ക് 22 ന് പൗരസ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത വിപുലമായ ആലോചനാ യോഗം കാര്യപരിപാടികൾ തീരുമാനിച്ചു. ഒ.ആർ. കേളു എംഎൽഎ ചെയർമാനായ സ്വാഗത സംഘം സ്വീകരണം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ്. 22 ന് ഉച്ചയ്ക്ക് 2.30 ന് അമ്പുത്തിയിൽ നിന്ന് എരുമത്തെരുവ് വഴി മിന്നുമണിയെ മാനന്തവാടി നഗരസത്തിലേക്ക് ആനയിക്കും. വാദ്യമേളങ്ങളും മുത്തുക്കുടകളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകും. ടൗണിൽ നടക്കുന്ന അനുമോദനയോഗത്തിൽ മിന്നുമണിയെ പുരസ്കാരം നൽകി ആദരിക്കും. പൊതുസമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. മൈസൂരു റോഡ് കവലയ്ക്ക് മിന്നുമണിയുടെ പേര് നൽകാൻ മാനന്തവാടി നഗരസഭാ ഭരണസമിതിയോഗം തീരുമാനിച്ച് കഴിഞ്ഞു. ഇന്ത്യയുടെ കായിക ചരിത്രത്തിൽ മാനന്തവാടിയുടെ സ്ഥാനം അടയാളപ്പെടുത്തിയ മിന്നുമണിക്ക് ജന്മനാട്ടിൽ നൽകുന്ന സ്വീകരണം ചരിത്രവിജയമാക്കാൻ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് സ്വാഗത സംഘം ജനറൽ കൺവീനറും മാനന്തവാടി നഗരസഭാ വൈസ് ചെയർമാനുമായ ജേക്കബ് സെബാസ്റ്റ്യൻ, സ്വാഗത സംഘം വൈസ് ചെയർമാനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ ജസ്റ്റിൻ ബേബി, കൺവീനർമാരായ എം.കെ. അബ്ദുൽ സമദ്, സജി മാധവൻ, മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്‌മാൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അശോകൻ ഒഴക്കോടി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.എം. ഷിനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.