വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം
വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വനിതാരത്‌ന പുരസ്‌കാരം 2024 ന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത, കലാരംഗം മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. പ്രസ്തുത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ പരിഗണിക്കുന്നതിന് മറ്റ് വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്നിവര്‍ മുഖേന നോമിനേഷനും അനുബന്ധരേഖകളും ബന്ധപ്പെട്ട ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് ഒക്ടോബര്‍ പത്തിനകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in ല്‍ ലഭിക്കും.ഫോണ്‍ 04936-296362.
വയര്‍മാന്‍ പരീക്ഷ: സമയപരിധി നീട്ടി
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ പരീക്ഷ 2024 ന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 23 വരെ നീട്ടി. samraksha.celkerala.gov.in മുഖേന അപേക്ഷ നല്‍കാം. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ : 04936 295004
സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്സ്
കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്സില്‍ സീറ്റൊഴിവ്. 18നും 45 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 6238213215, 8078711040
ഗ്രാജുവേറ്റ് ഇന്റേൺ
അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള (അസാപ്), മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. അപേക്ഷകള്‍ സെപ്തംബര്‍ 23 നകം ലഭിക്കണം. ഫോണ്‍- 9495999669
പ്രവേശന പരീക്ഷ:തിയതി നീട്ടി
ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2025 ആറാം ക്ലാസ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി സെപ്തംബര്‍ 23 വരെ നീട്ടി. ഇപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. ഫോണ്‍: 9961556816,9744472882.
സംരംഭകത്വ പരിശീലനം
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 24 മുതല്‍ 28 വരെ വരെ കളമശ്ശേരി ക്യാമ്പസ്സിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ www.kied.info/training-calender/ ല്‍ സെപ്തംബര്‍ 21 നകം അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 9188922785
ലേലം ചെയ്യുന്നു
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള മോര്‍ച്ചറി കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന രണ്ട് പ്ലാവ് മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് ലേലം ചെയ്യുന്നു. സെപ്തംബര്‍ 25 ന് ഉച്ചയ്ക്ക് 12 ന് ആശുപത്രി കോംപൗണ്ടില്‍ വച്ചാണ് ലേലം നടത്തുക. ഫോണ്‍-04935 240264
പ്ലംബര്‍ ട്രേഡ് ഗസ്റ്റ് ഇന്‍ സ്ട്രക്ടർ
വെളളമുണ്ട ഗവ.ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് സെപ്തംബര്‍ 20 ന് രാവിലെ 11 ന് അഭിമുഖം നടത്തുന്നു. മെക്കാനിക്കല്‍/സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തി പരിചയം, ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയം, പ്ലംബര്‍ ട്രേഡില്‍ മൂന്ന് വര്‍ഷ പ്രവൃത്തി പരിചയമുള്ള പട്ടിക ജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, കോപ്പി എന്നിവയുമായി ഓഫീസിലെത്തണം. ഫോണ്‍- 04935 294001, 9447059774
സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം
2023ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗങ്ങള്‍ സെപ്തംബര്‍ 26-ന് ആരംഭിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചെയര്‍പേഴ്‌സണായ സെലക്ട് കമ്മിറ്റി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കായി സെപ്തംബര്‍ 26 ന് രാവിലെ 10.30 ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ ചേരും. മലപ്പുറം വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കായി 27ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറസ് ഹാളിലും ചേരും. തെളിവെടുപ്പ് യോഗങ്ങളില്‍ പൊതുജനങ്ങള്‍, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും.
2023-ലെ കേരള പൊതുരേഖ ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org വെബ്‌സൈറ്റിലും Pre-Legislative Public Consultation എന്ന ലിങ്കിലും ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം. കൂടാതെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ‘അണ്ടര്‍ സെക്രട്ടറി, നിയമനിര്‍മ്മാണ വിഭാഗം, കേരള നിയമസഭ, തിരുവനന്തപുരം-33’ വിലാസത്തിലോ [email protected]. ഇ-മെയില്‍ മുഖേനയോ നവംബര്‍ 15 വരെ അയച്ചുനല്‍കാം.
ആശാവര്‍ക്കര്‍ നിയമനം
വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. കണിയാമ്പറ്റ പഞ്ചായത്തിലെ 12,13,14,15,16 വാര്‍ഡുകളിലേക്കാണ് നിയമനം. ഈ വാര്‍ഡുകളിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ വിവാഹിതരും 25 നും 45 നും ഇടയില്‍ പ്രായമുള്ളവരും 10-ാം ക്ലാസ്സ് യോഗ്യതയുള്ളവരുമാകണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ, ബയോഡാറ്റ ഉള്‍പ്പെടെയുള്ള അപേക്ഷയുമായി സെപ്തംബര്‍ 26 ന് രാവിലെ ഒന്‍പതിന് വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കല്‍പറ്റ എന്‍.എം.എസ്.എം ഗവ.കോളേജില്‍ സി.സി.ടി.വി അപാകത പരിഹരിക്കുന്നതിനും പുതിയത് സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സെപ്തംബര്‍ 26 ന് രാവിലെ 11 നകം കോളേജില്‍ ലഭിക്കണം. ഫോണ്‍-04936 204569
സ്‌പോട്ട് അഡ്മിഷൻ
തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളേജില്‍ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക് ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണികേഷന്‍ എന്‍ജിനിയറിങ് (കമ്യൂണികേഷന്‍ ആന്റ് സിഗ്‌നല്‍ പ്രോസസ്സിങ്), കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ് (നെറ്റ് വര്‍ക്ക് ആന്റ് സെക്യൂരിറ്റി) വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ ടി സി, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 19 ന് 11 നകം കോളേജില്‍ എത്തണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ https://www.gecwyd.ac.in/ ലഭ്യമാണ്. ഫോണ്‍ -04935257320, 0495257321, 9447415506
താല്‍ക്കാലിക നിയമനം
ഗവ.എന്‍ജിനിയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനിയറിങ് വിഭാഗത്തില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 തസ്തികയിലക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നു വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 24 ന് രാവിലെ 10 ന് കോളേജില്‍ എത്തണം.
സമ്പൂര്‍ണ ജലബജറ്റ് ജില്ലയായി വയനാട്
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലബജറ്റ് പൂര്‍ത്തീകരിച്ച ജില്ലയായി വയനാട്. ഹരിത കേരളം മിഷന്റെ റിസോഴ്‌സ് പേര്‍സണ്‍മാരും തദ്ദേശ സ്ഥാപനതല വൊളണ്ടിയര്‍മാരും വിവിധ വകുപ്പുകളില്‍ നിന്നും മറ്റ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെയും ഓരോ തദ്ദേശ സ്ഥാപനത്തിലെയും ജല ലഭ്യതയും ജല വിനിയോഗവും സംബന്ധിച്ച വിവര ശേഖരണവും നടത്തിയാണ് ജലബജറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതെന്ന് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ഒരു പ്രദേശത്തിന്റെ ജല സ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകരമാണ് ജലബജറ്റ്. കൃഷി, മൃഗസംരക്ഷണം, ഗാര്‍ഹികം, വ്യവസായികം, വിനോദസഞ്ചാരം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് സഹായകമായ അടിസ്ഥാന രേഖയായാണ് ജലബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഒരു പ്രദേശത്തിന്റെ ജല സ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കാനും ജലബജറ്റ് വഴി സാധിക്കും.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലത്തിന്റെ ലഭ്യത കൂടുതലായതിനാല്‍ ഇവയുടെ സംഭരണം, വിനിയോഗം എന്നിവയ്ക്കായി ഓരോ തദ്ദേശ സ്ഥാപന തലത്തിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. മുഴുവന്‍ പൊതു ജലസ്രോതസ്സുകളും പുനരുജ്ജീവിപ്പിച്ച് സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കി ജല സംഭരണം ഉറപ്പാക്കും. ഇതിനായി തൊഴിലുറപ്പ് പദ്ധതിയുടേയും മറ്റ് നിര്‍വഹണ വകുപ്പുകളുടെയും സഹകരണം പരമാവധി പ്രയോജനപ്പെടുത്തും. ഹരിത കേരളം മിഷന്റെ മാപ്പത്തോണ്‍ പദ്ധതിയിലൂടെ മാപ്പിങ് പൂര്‍ത്തീകരിച്ച് നീര്‍ച്ചലുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കും. ജില്ലയിലാകെ തദ്ദേശ സ്ഥാപനങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ സ്‌കീമുകള്‍ വ്യാപിപ്പിക്കും. സുരക്ഷിതമാക്കാം പശ്ചിമഘട്ടം, കബനിക്കായി വയനാട് ക്യാമ്പയിനുകളിലൂടെ മറ്റ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
കാര്‍ഷിക മേഖലയിലുള്ള വിളകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ജലബജറ്റ് സഹായകരമാവും. തരിശ് ഇടങ്ങളെ കൃഷി യോഗ്യമാക്കുന്നതിന് പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ ജലബജറ്റിന്റെ ഭാഗമായി പ്രത്യേക ജലനയം രൂപീകരിക്കാന്‍ ബ്ലോക്ക് തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സാങ്കേതിക സഹായമാണ് ജലബജറ്റ് തയ്യാറാക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്രകാരം ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും 4 ബ്ലോക്കുകളിലും ജലബജറ്റ് പൂര്‍ത്തിയായി. ജലബജറ്റിലെ കണ്ടെത്തല്‍ പ്രകാരം ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും ജലബജറ്റ് പൂര്‍ത്തീകരിച്ചപ്പോള്‍ കണക്കുകള്‍ പ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലം മിച്ചമാണ്. സംസ്ഥാന തലത്തില്‍ ജലബജറ്റ് പൈലറ്റായി നടപ്പിലാക്കുന്നതിന് ജില്ലയിലെ മുട്ടില്‍ പഞ്ചായത്തിനെയാണ് തിരഞ്ഞെടുത്തിരുന്നത്. സംസ്ഥാനത്ത് ജലബജറ്റ് പൂര്‍ത്തീകരിച്ച ആദ്യ ഗ്രാമ പഞ്ചായത്തും മുട്ടില്‍ ആണ്. തിരുവനന്തപുരത്ത് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ ജലബജറ്റ് പ്രകാശനം ചെയ്തത്. തുടര്‍ന്ന് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.
ബഡ്‌സ് സ്‌കൂള്‍ ടീച്ചര്‍ നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്ത് ഗോള്‍ഡന്‍ ബെല്‍സ് ബഡ്‌സ് സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥനത്തില്‍ അധ്യാപികയെ നിയമിക്കുന്നു. ബി എഡ് സ്‌പെഷ്യല്‍ എഡ്യേക്കേഷന്‍, (എം.ആര്‍, ഓട്ടിസം), ഡി എഡ് സ്‌പെഷ്യല്‍ (എം.ആര്‍, ഓട്ടിസം), ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ് ഹുഡ് സ്പെഷ്യൽ എഡ്യേക്കേഷന്‍, ഡിപ്‌ളോമ ഇന്‍ കമ്മ്യൂണിററി ബേസ്ഡ് റിഹാബിലിറ്റേഷന്‍ , ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. 18 നും 36 നും മദ്ധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 27 നകം അപേക്ഷിക്കണം. ഫോണ്‍ 04936 282422
ഓവര്‍സിയര്‍, അക്കൗണ്ടന്റ് നിയമനം
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സെക്ഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. ത്രിവത്സര പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ 2 വര്‍ഷ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ബി കോം വിത്ത് പി.ജി.ഡി.സി.എ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 26 ന് രാവിലെ 11 തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04935 256236
ആർ എഫ് വിതരണം നടത്തി
അസ്പിരേഷൻ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് നൽകുന്ന ആർ എഫ് വിതരണോദ്‌ഘാടനം ബത്തേരിയിൽ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ പരിപാടി ഉദ്ഘാടനം ചെയ്തു. നെന്മേനി സി ഡി എസിലെ നൂറ്റി നാൽപ്പത്തിയൊന്ന് അയൽക്കൂട്ടങ്ങൾക്കായി ഇരുപത്തിയൊന്ന് ലക്ഷത്തി പതിനയ്യായിരം രൂപയുടെ ആർ എഫ് ആണ് വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സുരേഷ് അധ്യക്ഷയായിരുന്നു.
സി ഡി എസ് വൈസ് ചെയർപേഴ്സൺ സൂസൻ എബ്രഹാം, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, ക്ഷേമ കാര്യസ്റ്റാന്റിംഗ് ചെയർമാൻ വി ടി ബേബി, ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്റിംഗ് ചെയർമാൻ സുജാത ഹരിദാസ്, മെമ്പർമാരായ ഉഷ വേലായുധൻ, ബിന്ദു അനന്ദൻ, ജയലളിത വിജയൻ, സി ഡി എസ് എക്സിക്യൂട്ടീവ് അംഗം ഡി സാവിത്രിയമ്മ, ജില്ലാ മിഷൻ ഉദ്യോഗസ്ഥരായ സുഹൈൽ പി കെ, ജയേഷ് വി, അനുശ്രീ ടി ജി, അക്കൗണ്ടന്റ് സിനി എബി എന്നിവർ പങ്കെടുത്തു.