മേപ്പാടി: രാജ്യത്തെ സമ്പദ്ഘടനക്ക് മൂന്നിലൊന്ന് വിഹിതം നൽകുന്ന പ്രവാസി സമൂഹത്തോടുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ നീതിനിഷേധം പ്രതിഷേധാർഹമാണെന്ന് കേരള പ്രവാസി സംഘം കൽപറ്റ ഏരിയ കൺവൻഷൻ ചൂണ്ടിക്കാട്ടി. വിദേശനാണ്യം നേടിത്തരുന്ന പ്രവാസി സമൂഹത്തിന്റെ പുനരധിവാസത്തിന് കേന്ദ്ര സർക്കാരുകളുടെ നാളിതുവരെയുള്ള പങ്ക് ശൂന്യമാണെന്ന് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് കേരള കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി ഹാരിസ് പറഞ്ഞു. കർഷകരെയും, സാധാരണക്കാരെയും, കർഷകത്തൊഴിലാളികളെയും തുടർച്ചയായി ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. അക്കൂട്ടത്തിൽ രാജ്യത്തിന്റെ സമ്പദ്ഘടനക്ക് മുഖ്യ സംഭാവന നൽകി വരുന്ന പ്രവാസി സമൂഹത്തെയും ദ്രോഹിക്കുന്ന നിലപാടാണ് ഉള്ളത്. കോർപ്പറേറ്റുകൾക്ക് രാജ്യം തീറെഴുതി നൽകുന്ന പ്രവണത കേന്ദ്രം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളത്തിൽ നോർക്കയും, പ്രവാസി ക്ഷേമനിധി ബോർഡും, പ്രവാസി കമ്മീഷനും, പ്രവാസി പ്രശ്‌ന പരിഹാര സെല്ലും പ്രവാസികളുടെ ദൈനംദിന വിഷയങ്ങളിലും, നിയമപ്രശ്നങ്ങളിലും ഇടപെടുന്നതും പ്രവാസി സമൂഹത്തിന്റെ സാമൂഹ്യസുരക്ഷയ്ക്കും, പുനരധിവാസത്തിനും നേതൃത്വം നൽകുന്നതുമെന്ന് കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി പറഞ്ഞു. ഖാജാ ഹുസ്സൈൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി ടി മൻസൂർ, മുഹമ്മദ് പഞ്ചാര തുടങ്ങിയവർ സംസാരിച്ചു. റഷീദ് മേപ്പാടി സ്വാഗതവും, ബഷീർ അരപ്പറ്റ നന്ദിയും പറഞ്ഞു.