പാലക്കാട്: ഷോളയൂരിലെ ജനവാസമേഖലയില്‍ വീണ്ടും മാങ്ങാക്കൊമ്പൻ ഇറങ്ങി. രാവിലെ മുതലാണ് മാങ്ങാക്കൊമ്പനും സംഘവും ഷോളയൂരിലെ ചാവടിയൂരിന് സമീപമാണ് നിലയുറപ്പിച്ചത്. വീടുകള്‍ക്ക് സമീപത്ത് കൂടി നടന്നു നീങ്ങിയ കാട്ടാന കൂട്ടത്തെ പടക്കം പൊടിച്ചും ബഹളംവെച്ചും കാട്ടിലേക്ക് തിരികെ അയക്കാൻ പ്രദേശവാസികള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ ആര്‍.ആര്‍.ടി സംഘം ജനങ്ങളുടെ സഹായത്തോടെ മാങ്ങാക്കൊമ്പനെ തിരികെ അയച്ചു. എന്നാല്‍, മാങ്ങാക്കൊമ്പനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് കാട്ടാനകള്‍ കാടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇവയെ തിരികെ അയക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കഴിഞ്ഞ കുറേ മാസങ്ങളായി ഷോളയൂര്‍ മേഖലയില്‍ മാങ്ങാക്കൊമ്പന്‍റെ സാന്നിധ്യമുണ്ട്.