അക്ഷര തെളിമ: സംസ്ഥാനതല ഉദ്ഘാടനം നടത്തി

മാനന്തവാടി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന അക്ഷര തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടിയില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. സെന്റ് കാതറിന്‍സ് എച്ച്.എച്ച്.എസ്.എസ് പയ്യമ്പള്ളിയില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാൻ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ആദിത്യന് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കിയ സ്നേഹഭവനത്തിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങും മന്ത്രി നിര്‍വഹിച്ചു. എന്‍.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം.സന്തോഷ്‌കുമാര്‍, ഹയര്‍സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, എന്‍എസ്എസ് ഉത്തര മേഖലാ കണ്‍വീനര്‍ കെ. മനോജ്കുമാര്‍, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ കെ.എസ് ശ്യാല്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ. രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ സി. രാജു ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഫിലിപ്പ് ജോസഫ്, പി.ടി.എ പ്രസിഡണ്ട് ബൈജു ജോര്‍ജ്, പ്രോഗ്രാം ഓഫീസര്‍ എസ്.ആര്‍ ശ്രീജിത്ത്, വളണ്ടിയര്‍ ലീഡര്‍ കൃഷ്ണ സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അടിസ്ഥാന വിദ്യാഭ്യാസ പ്രക്രിയയില്‍ അത്യാവശ്യമായ എഴുത്തും വായനയും മെച്ചപ്പെടുത്തുക എന്നതാണ് അക്ഷരതെളിമ പദ്ധതിയുടെ ലക്ഷ്യം. എഴുത്തിലും വായനയിലും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് അധ്യാപകരുടെയും ഇതര സംവിധാനങ്ങളുടെയും പിന്തുണയോടെ എഴുതാനും വായിക്കാനുമുള്ള മികച്ച ശേഷി കൈവരിക്കാന്‍ ഉതകുന്ന ഇടപെടലുകള്‍ ഓരോ എന്‍.എസ്.എസ് വോളണ്ടിയര്‍മാരും പദ്ധതിയുടെ ഭാഗമായി നടത്തും. തുടര്‍ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാഷയിലും, ഗണിതത്തിലും, ശാസ്ത്രത്തിലും ആര്‍ജ്ജിച്ചിരിക്കേണ്ട അടിസ്ഥാന നൈപുണികള്‍ എല്ലാ കുട്ടികള്‍ക്കും ലഭിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുമായി ഓരോ എന്‍.എസ്.എസ് വോളണ്ടിയര്‍മാരും ചിട്ടയായ പരിപാടികളാണ് അക്ഷര തെളിമ പദ്ധതിയുടെ ഭാഗമായി നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *