വയോ സേവന അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയില്‍ വിവിധ പദ്ധതികളും, പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിവരുന്ന സര്‍ക്കാര്‍/ സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും, വിവിധ കലാ-കായിക, സാംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് എര്‍പ്പെടുത്തിയ ‘വയോ സേവന അവാര്‍ഡ് – 2023’ ന് നോമിനേഷനുകള്‍ ക്ഷണിച്ചു. നോമിനേഷന്‍ ജൂലൈ 30 നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് swd.kerala.gov.in എന്ന വെബ് സൈറ്റിലും, ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോണ്‍: 04936 205307.
വജ്ര ജൂബിലി ഫെലോഷിപ്പ്: നാടന്‍പാട്ട് പരിശീലനം തുടങ്ങി
സംസ്ഥാന സാംസ്‌ക്കാരിക വകുപ്പ് ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള നാടന്‍പാട്ട് പരിശീലനത്തിന്റെ മാനന്തവാടി ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. തോണിച്ചാല്‍ യുവജന വായനശാലയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിരാ പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ആതിര ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. വിവിധ കലാമേഖലകളില്‍ അഭിരുചിയുള്ളവര്‍ക്ക് പരിശീലനം നല്‍കി കഴിവുള്ള കലാകാരന്‍മാരെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നാടന്‍പാട്ട്, ചെണ്ട, ഗദ്ധിക, ചിത്രകല എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊണ്ടാര്‍നാട്, എടവക, വെള്ളമുണ്ട, തവിഞ്ഞാല്‍, തിരുനെല്ലി എന്നീ പഞ്ചായത്തുകളിലെ വിവിധ സെന്ററുകളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വാര്‍ഡ് മെമ്പര്‍മാരായ എം.പി വത്സന്‍, ലിസി ജോണ്‍, വായനശാല ഭാരവാഹികളായ കെ.ബി അനില്‍കുമാര്‍, വി.കെ ബാബുരാജ്, വീണാറാണി, വജ്ര ജൂബിലി പരിശീലകരായ യദുകൃഷ്ണന്‍, കെ.ബി ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.
സ്യൂട്ട് കോണ്‍ഫറന്‍സ്
ജൂലൈ മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സ് ജൂലൈ 31 ന് ഉച്ചയ്ക്ക് 3 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തുടര്‍ന്ന് ജില്ലാ എംപവേര്‍ഡ് കമ്മിറ്റി യോഗവും നടക്കും.
ബസ്സിലെ സീറ്റുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കണം
സ്വകാര്യ പൊതുമേഖലാ ബസ്സുകളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ അര്‍ഹരാവയവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്നും ദുരുപയോഗം ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
ഓവര്‍സിയര്‍ നിയമനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ നിലവില്‍ ഒഴിവുള്ള 2 ഓവര്‍സിയര്‍ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂലൈ 31 ന് ഉച്ചയ്ക്ക് 2.30 ന് ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയുമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വാക്ക് -ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04935 240298.