ശാസ്ത്രീയ ഖരമാലിന്യ പരിപാലനം,നഗരസഭകള്‍ മികച്ച മാതൃകകള്‍ സൃഷ്ടിക്കണം; മന്ത്രി എം.ബി രാജേഷ്

വൈത്തിരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശാസ്ത്രീയ ഖരമാലിന്യ പരിപാലനത്തില്‍ മികച്ച മാതൃകകള്‍ സൃഷ്ടിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പെയിനിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ള്യൂ.എം.പി) കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നഗരസഭാ പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ‘മാറ്റം’ ദ്വിദിന ശില്‍പ്പശാല വൈത്തിരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ രാജ്യത്തില്‍ തന്നെ മുന്‍പന്തിയിലാണ്. എന്നാല്‍ ശാസ്ത്രീയ മാലിന്യ പരിപാലന സംവിധാനത്തില്‍ ഇനിയും പുരോഗതി കൈവരിക്കേണ്ടതുണ്ട്. മാലിന്യമുക്ത നവകേരളം ഒന്നാം ഘട്ടത്തിലെ പേരായ്മകള്‍ രണ്ടാം ഘട്ടത്തില്‍ പരിഹരിക്കണം. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കി കൃത്യമായ സംവിധാനം സജ്ജമാക്കുകയാണ് ചെയ്യുന്നത്. മികച്ച മാതൃകകള്‍ സൃഷ്ടിച്ച നഗരസഭകള്‍ കേരളത്തിലുണ്ട്. സുല്‍ത്താന്‍ ബത്തേരി, കുന്നംകുളം, വടകര, ഗുരുവായൂര്‍ തുടങ്ങി നിരവധി നഗരസഭകളുടെ മാതൃകകള്‍ നമ്മുടെ മുന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറവിട മാലിന്യ നിര്‍മ്മാര്‍ജന ഉപാധികള്‍ നല്‍കുമ്പോള്‍ സാങ്കേതിക പിന്തുണയും നല്‍കേണ്ടതുണ്ട്. ഹരിത കര്‍മ്മസേനയെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തണം. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള എന്‍ഫോഴ്സ്മെന്റ് സംവിധാനം ശക്തിപ്പെടുത്തണമെന്നും ഹരിത കര്‍മ്മസേന പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും മന്ത്രി പറഞ്ഞു.

ദ്വിദിന ശില്‍പ്പശാലയില്‍ കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നടത്തിയ വിവരശേഖരണത്തിലൂടെ കണ്ടെത്തിയ മാലിന്യ പരിപാലനത്തിലെ പോരായ്മകള്‍ വിശകലനത്തിന് വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട ഉപപദ്ധതികള്‍ നിശ്ചയിക്കും. നാല് ജില്ലകളില്‍ നിന്നായി 25 നഗരസഭകളാണ് പങ്കെടുത്തത്. ഖരമാലിന്യപദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തി.
ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഓണ്‍ലൈനായി പങ്കെടുത്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍, കേരള മുന്‍സിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, കെ.എസ്.ഡബ്ല്യു.എം.പി ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ യു.വി ജോസ്, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹര്‍ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശില്‍പ്പശാല ഇന്ന് (ചൊവ്വ) സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *