കൽപ്പറ്റ: ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിഘട്ടങ്ങളിൽ സജീവ രക്ഷപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ജില്ലയിലെ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് വാളന്റീയർമാർ. റോഡ് അരികിൽ അപകട ഭീഷണിയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റിയും, ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ ഉൾപ്പെടെ വീണ മരം മുറിച്ചു മാറ്റിയും മണ്ണിടിഞ്ഞ സ്ഥലങ്ങളിൽ മണ്ണ് നീക്കം ചെയ്തും, ശക്തമായ മഴയിൽ തകരാറിലായ റോഡ് യാത്ര യോഗ്യമാക്കിയും ജില്ലയിൽ യൂത്ത് ബ്രിഗേഡ് മാതൃകപരമായ പ്രവർത്തനമാണ് ദിവസേന ഏറ്റടുക്കുന്നത്. പേരിയ മുള്ളൽ പ്രദേശത്ത് വീടിന് മുകളിൽ വീണ മരം ഡി.വൈ.എഫ്.ഐ പേരിയ മേഖല യൂത്ത് ബ്രിഗേഡ് മുറിച്ചു മാറ്റുകയും കാപ്പംക്കൊല്ലിയിൽ മേപ്പാടി-കൽപ്പറ്റ റോഡിൽ അപകട ഭീക്ഷണിയായിരുന്ന മരം മേപ്പാടി സൗത്ത് മേഖല ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് വെട്ടി മാറ്റുകയും ഡിവൈഎഫ്ഐ തിരുനെല്ലി മേഖല യൂത്ത് ബ്രിഗേഡ് കൂമ്പാരകുനി-ആശ്രമം സ്കൂൾ റോഡ് കുഴികൾ അടയ്ക്കുകയും മാനന്തവാടി കല്ലിയോട്ടുകുന്ന് കോളനി റോഡിന് കുറുകെ വീണ മരം മാനന്തവാടി മേഖല യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിലും നീക്കം ചെയ്യുകയും ചെയ്തു. കൂടാതെ രാത്രി വൈകിയും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് സജീവമായി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.