കൽപ്പറ്റ: ജില്ലയില്‍ ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പെയിന്‍ മിഷന്‍ ഇന്ദ്രധനുഷ് ആഗസ്റ്റ് 7 ന് തുടങ്ങും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രധനുഷ് 5.0 സംഘടിപ്പിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ അവസരമൊരുക്കും. മൂന്ന് മാസങ്ങളിലായി മൂന്ന് തവണയാണ് ഊര്‍ജിത വാക്സിനേഷന്‍ ക്യാമ്പ് നടത്തുക. ആദ്യഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാംഘട്ടം സെപ്തംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും നടക്കും.
ക്യാമ്പെയിനിന്റെ മുന്നോടിയായി എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് പദ്ധതി വിശദീകരിച്ചു. ജില്ലയില്‍ 2 വയസ്സുവരെയുള്ള 1767 കുട്ടികള്‍ക്കും 2 മുതല്‍ 5 വയസ്സുവരെയുള്ള 991 കുട്ടികള്‍ക്കും 1089 ഗര്‍ഭിണികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജില്ലയില്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലുള്ള 98 സ്ഥലങ്ങളില്‍ വാക്‌സിനേഷനായി 14 മൊബൈല്‍ ടീമുകളെ സജ്ജമാക്കും. 296 സെഷനുകളിലായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. വാക്സിനേഷനോട് വിമുഖത കാണിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രചാരണം നടത്തും. വിവരശേഖരണം, ബോധവത്കരണം, വീടുകളില്‍ നേരിട്ടെത്തിയുള്ള സര്‍വ്വെ തുടങ്ങിയവയിലൂടെയാണ് കുട്ടികളുടെ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കുന്നത്.
ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, മീസല്‍സ് റൂബല്ല, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മിഷന്‍ ഇന്ദ്രധനുഷ് സംരക്ഷണം നല്‍കും. ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും. മുന്‍കാലങ്ങളില്‍ ഭാഗികമായി കുത്തിവെപ്പ് എടുത്തവര്‍ക്കും ഇതുവരെയും എടുക്കാന്‍ കഴിയാത്തവര്‍ക്കും ഈ മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാം. കോവിഡ് വ്യാപനത്തിന് ശേഷം പ്രതിരോധ കുത്തിവെപ്പ് നിരക്കിലുണ്ടായ കുറവ് നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഊര്‍ജിത പ്രതിരോധ കുത്തിവെപ്പിനായി രാജ്യവ്യാപകമായി നടപ്പാക്കുന്ന പ്രത്യേക പദ്ധതിയാണ് മിഷന്‍ ഇന്ദ്രധനുഷ്.
യോഗത്തില്‍ ഡി.പി.എം ഡോ. സമീഹ സെയ്തലവി, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. പ്രിയ സേനന്‍, ഡോ. സാവന്‍ സാറ മാത്യു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി,
ജില്ലാ എ.ഇ.എഫ്.ഐ നോഡല്‍ ഓഫീസര്‍ ഡോ. കെ.പി അലോക്, എം.സി.എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കെ.എന്‍ രമണി, ആരോഗ്യ വിഭാഗം ജീവനക്കാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.