പുല്‍പള്ളി വായ്പ തട്ടിപ്പ്; കേസ് ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

കല്‍പ്പറ്റ: വായ്പ വിതരണത്തില്‍ 8.64 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ പുല്‍പള്ളി സര്‍വിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ് തലശ്ശേരി വിജിലന്‍സ് കോടതി വ്യാഴാഴ്ച പരിഗണിക്കും. പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരോടും വ്യാഴാഴ്ച ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വായ്പ തട്ടിപ്പില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 10 പ്രതികളാണുള്ളത്. ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ. അബ്രഹാം, ഡയറക്ടര്‍മാരായിരുന്ന വി.എം. പൗലോസ്, സി.വി. വേലായുധന്‍, സുജാത ദിലീപ്, മണി പാമ്ബനാല്‍, ബിന്ദു ചന്ദ്രന്‍, ടി.യു. കുര്യന്‍, ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി. രമാദേവി, ലോണ്‍ ഓഫിസറായിരുന്ന പി.യു. തോമസ്, കരാറുകാരന്‍ കൊല്ലപ്പള്ളി സജീവന്‍ എന്നിവരാണ് പ്രതികള്‍. ഇവരില്‍ കുര്യന്‍, മണി പാമ്ബനാല്‍, ബിന്ദു ചന്ദ്രന്‍, വേലായുധന്‍, തോമസ് എന്നിവര്‍ നോട്ടീസ് ലഭിച്ചതനുസരിച്ച്‌ ജൂലൈ 14ന് കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു. ഒളിവിലുള്ള സുജാത ദിലീപ്, ജയിലിലായിരുന്ന അബ്രഹാം, രമാദേവി, പൗലോസ്, കൊല്ലപ്പള്ളി സജീവന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഒളിവില്‍ കഴിയുന്ന സുജാത ദിലീപ്, കല്‍പറ്റയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രമാദേവി എന്നിവര്‍ ഒഴികെയുള്ളവര്‍ വ്യാഴാഴ്ച വിജിലന്‍സ് കോടതിയില്‍ ഹാജരാകുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *