കൽപ്പറ്റ: കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ‘കേരളഗ്രോ’ എന്ന ബ്രാന്‍ഡിലൂടെ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാക്കി കൃഷി വകുപ്പ്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇന്ത്യയില്‍ മുഴുവന്‍ വിപണനം നടത്തും. പദ്ധതിയുടെ പ്രചരണാര്‍ത്ഥം കളക്ട്രേറ്റില്‍ സ്ഥാപിച്ച ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വ്വഹിച്ചു. പദ്ധതിയിലൂടെ കര്‍ഷകരുടെ വിപണി പ്രശ്‌നം പരിഹരിക്കാനാകും. സര്‍ക്കാര്‍ ഫാമുകളെയാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃഷിവകുപ്പ് ഫാമുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വിവിധ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഫാമുകള്‍ വിവിധതരം ഉത്പ്പന്നങ്ങള്‍, പച്ചക്കറി വിത്ത്, പഴവര്‍ഗ്ഗ ചെടികളുടെ ലേയര്‍/ ഗ്രാഫ്റ്റ്, കുരുമുളക് ഗ്രാഫ്റ്റ്/ വേര് പിടിപ്പിച്ച തൈകള്‍, ഔഷധ സസ്യങ്ങള്‍, ജൈവ വളങ്ങള്‍, മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ എന്നിവ ഉത്പ്പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്ത് ഓണ്‍ലൈന്‍ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ കൃഷിഭവന്‍തലത്തിലും, കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, സംരംഭങ്ങള്‍, കൃഷി കൂട്ടങ്ങള്‍, കര്‍ഷക ഉല്‍പാദക കമ്പനികള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്ന വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തും.
എ.ഡി.എം എന്‍.ഐ ഷാജു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. സപ്ന, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ രാജി വര്‍ഗ്ഗീസ്, കെ.എം കോയ, എല്‍. പ്രീത, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സി.എം ഈശ്വരപ്രസാദ്, ടി. രേഖ, സി.എന്‍ അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.