കല്‍പ്പറ്റ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 29ന് കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലും പൂക്കോട് നവോദയ വിദ്യാലയത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റ പ്രസ് ക്ലബ്ബിൽ അറിയിച്ചു. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി വാര്‍ഷികാഘോഷം. ഇതോടനുബന്ധിച്ച് ന്യൂഡല്‍ഹി പ്രഗതി മൈതാനിയില്‍ സംഘടിപ്പിക്കുന്ന അഖില ഭാരതീയ ശക്ഷാസംഗമം 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ പ്രസംഗം കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യും. കേന്ദ്രീയ വിദ്യാലയം വളപ്പില്‍ വൃക്ഷത്തൈകള്‍ നടും. ജില്ലയില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ 550 ഉം നവോദയ വിദ്യാലയത്തില്‍ 480 ഉം പഠിതാക്കളുണ്ട്. ഇതില്‍ 75 ശതമാനത്തില്‍ അധികവും ഗ്രാമീണ മേഖലയില്‍നിന്നുള്ളവരാണെന്ന് പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു. കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ ശ്രീജിത്ത് ബാബു, അധ്യാപകരായ സുസ്മിത മേരി റോബിന്‍സ്, എം. റസീന, നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ എ.യു. ഹരിലാല്‍, അധ്യാപകന്‍ ജോണി സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.