കൽപ്പറ്റ: കൽപ്പറ്റയിൽ എല്ലാ ഭൂമിക്കും പട്ടയം ലഭ്യമാക്കാൻ ടി. സിദ്ദീഖ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഇതിൻ്റെ ഭാഗമായി പട്ടയ അസംബ്ലി ചേർന്നു. കേരള സർക്കാരിൻ്റെ എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന പ്രഖ്യാപിത ലക്ഷ്യത്തിൻ്റെ ഭാഗമായാണ് പുതിയ ശ്രമം. കൽപ്പറ്റ നിയോജക മണ്ഡലത്തിൽപ്പെട്ട എല്ലാ പഞ്ചായത്തുകളിലും വില്ലേജുകളിലും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് എല്ലാ ഭൂമിക്കും രേഖ ലഭ്യമാക്കാനുള്ള നടപടികൾ നടക്കുന്നത്. ഇതിൻ്റെ ഭാഗമായി കലക്ടറേറ്റിൽ റവന്യൂ -സർവ്വേ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡണ്ടുമാരും സെക്രട്ടറിമാരും ചേർന്ന് എം.എൽ.എ. ടി. സിദ്ദീഖിൻ്റെ നേതൃത്വത്തിൽ പട്ടയ അസംബ്ലി ചേർന്നു. എ.ബി.സി.ഡി. ക്യാമ്പയിൻ മാതൃകയിൽ എല്ലാവരുടെയും സഹകരണത്തോടെ എല്ലാ ഭൂമിക്കും രേഖ ശരിയാക്കും.
ആദ്യഘട്ടമായി ഒരാഴ്ചക്കുള്ളിൽ പഞ്ചായത്ത് തലത്തിൽ വിവരശേഖരണ സമിതി രൂപീകരിച്ച് അർഹതപ്പെട്ടവരെ കണ്ടെത്തും. സമയബന്ധിതമായി ഇത് പൂർത്തീകരിച്ച് റവന്യൂ വകുപ്പിന് കൈമാറും. രണ്ടാം ഘട്ടത്തിൽ താലൂക്ക് തലത്തിൽ പരിഹരിക്കാവുന്ന അപേക്ഷകളിൽ തീരുമാനമെടുക്കും. അവസാന ഘട്ടത്തിൽ പഞ്ചായത്തടിസ്ഥാനത്തിലും വില്ലേജ് അടിസ്ഥാനത്തിലും തീരുമാനത്തിനുള്ള അപേക്ഷകൾ ലിസ്റ്റ് ചെയ്ത് സർക്കാരിലേക്ക് നൽകും.എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന
സംസ്ഥാന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തിനനുസരിച്ച് കൽപ്പറ്റ നിയോജക മണ്ഡലത്തെ സമ്പൂർണ്ണ പട്ടയ വിതരണ നിയോജക മണ്ഡലമാക്കാനാണ് ശ്രമം.