ഡിജിറ്റലി കണക്റ്റഡ് ട്രൈബല്‍ ഏരിയ പദ്ധതി ആദിവാസി വിഭാഗത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കും; മന്ത്രി കെ. രാധാകൃഷ്ണന്‍

മാനന്തവാടി: ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ഉള്‍പ്പടെ എല്ലാ മേഖലകളിലും ആദിവാസി വിഭാഗത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന പദ്ധതിയാണ് ഡിജിറ്റലി കണക്റ്റഡ് ട്രൈബല്‍ ഏരിയ പദ്ധതിയെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഡിജിറ്റലി കണക്റ്റഡ് ട്രൈബല്‍ ഏരിയ പദ്ധതിയുടെ ഭാഗമായി മാനന്തവാടി മേരിമാത കോളേജില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നടത്തിയ രോഗനിര്‍ണ്ണയ ക്യാമ്പിന്റെയും ആരോഗ്യ ബോധവത്ക്കരണ ക്ലാസിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അധികാര വികേന്ദ്രീകരണം ആദിവാസി വിഭാഗത്തിന്റെ ജീവിത സാഹചര്യത്തില്‍ മാറ്റം കൊണ്ടുവന്നു. എഞ്ചിനീയറിംഗ്, മെഡിസിന്‍, നിയമ പഠനം, സിവില്‍ സര്‍വീസ് തുടങ്ങിയ വിവിധ മേഖലകളില്‍ ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ കൂട്ടായ പരിശ്രമം വേണമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി നിയമിക്കപ്പെട്ട പട്ടിക വര്‍ഗ്ഗക്കാരായ നേഴ്‌സ്, എഞ്ചിനീയര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവര്‍ക്കുള്ള നിയമന ഉത്തരവ് ചടങ്ങില്‍ മന്ത്രി കൈമാറി. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പട്ടികവര്‍ഗ്ഗ ജനതയുടെ ആരോഗ്യത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കി ജില്ലയിലെ സാമൂഹ്യ പഠനമുറികള്‍ കേന്ദ്രീകരിച്ച് പട്ടികവര്‍ഗ്ഗ വികസന വകുപ്പും കേന്ദ്ര ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള റിസര്‍ച്ച് സ്ഥാപനമായ സി ഡാക്കും ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഡിജിറ്റലി കണക്റ്റഡ് ട്രൈബല്‍ ഏരിയ. ജില്ലയിലെ സാമൂഹ്യ പഠനമുറികളെ സ്മാര്‍ട്ട് പഠനമുറികളാക്കുകയും ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യ അവബോധം രോഗനിര്‍ണ്ണയം എന്നിവയ്ക്ക് സഹായകരമാകുന്ന കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയോടനുബന്ധിച്ച് നടത്തിയ ജില്ലാതല ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടന്നു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ സ്മിത, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, പ്രൊജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ് കുമാര്‍, സി ഡാക് അസോസിയേറ്റ് ഡയറക്ടര്‍മാരായ പി.എസ്. സുബോധ്, ദേവാനന്ദ്, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍മാരായ സി. ഇസ്മയില്‍, ജി. പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *