കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ കാര്യങ്ങള്‍ തുറന്നുകാട്ടുന്ന പ്രതിപക്ഷ നേതാക്കളെ ഇ ഡിയെയും മറ്റു കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് വേട്ടയാടുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പാത പിന്തുടര്‍ന്നു കൊണ്ട് കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെയും കെപിസി സി പ്രസിഡണ്ടിന്റെയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുടെ പേരില്‍ കള്ളക്കേസെടുത്തുകൊണ്ട് അവരെ നിശബ്ദരാക്കാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍. പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെയും പ്രതിപക്ഷത്തുള്ള നേതാക്കളുടെ പേരില്‍ കള്ളക്കേസുകള്‍ എടുക്കുന്നതിനെതിരെയും കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. കോടതികളില്‍ നിന്നും നിരന്തരം വിമര്‍ശനം ഏറ്റുവാങ്ങുന്ന ആഭ്യന്തരവകുപ്പിന്റെ വീഴ്ച കൊണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും കേരളത്തില്‍ രക്ഷയില്ലാത്ത സ്ഥിതിയാണ്. ഓഫീസില്‍ ഇരിക്കുന്ന ഡോക്ടര്‍മാര്‍ കുത്തേറ്റ് മരിക്കുന്നു. ക്രമസമാധാനം ആകെ തകര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രി എന്ന ബിംബത്തെ ഉയര്‍ത്തി കാട്ടാന്‍ മുഖ്യമന്ത്രി പ്രസംഗിച്ച മൈക്കിനെതിരെ പോലും കേസെടുക്കുന്ന അവസ്ഥയിലേക്ക് കേരള പോലീസ് തരംതാണിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.പോലീസിനെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു കോക്കസ് ആണെന്ന ഐജി ലക്ഷ്മണയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് മുഖ്യമന്ത്രി വിശദമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് ബി സുരേഷ് ബാബു അധ്യക്ഷന്‍ ആയിരുന്നു.ടി ജെ ഐസക്,സി.ജയപ്രസാദ്,ബിനു തോമസ്, ഗിരീഷ് കല്‍പ്പറ്റ, ജോയ് തൊട്ടിത്തറ, പി വി വേണുഗോപാല്‍,ഒ.ഭാസ്‌കരന്‍,കെ കെ രാജേന്ദ്രന്‍, കണ്ടത്തില്‍ ജോസ്, ആര്‍ ഉണ്ണികൃഷ്ണന്‍, രാജു ഹജമാടി, മോഹന്‍ദാസ് കോട്ടക്കൊല്ലി, എസ് മണി,എം ഒ ദേവസ്യ, കെ,ഹര്‍ഷല്‍ കോണാടന്‍, പി .ഡിന്റോ ജോസ്, സി,അരുണ്‍ ദേവ്, ബി, ശ്രീദേവി ബാബു, ടി .ഉഷ തമ്പി, പി ,ഓമന,തുടങ്ങിയവര്‍ സംസാരിച്ചു.