എഴുനൂറ്റി അന്‍പതിലധികം നീര്‍ച്ചാലുകള്‍ കണ്ടെത്തി അടയാളപ്പെടുത്തി
ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള കബനി നദീ പുനരുജീവനം ക്യാമ്പയിനിന്റെ മാപ്പിംഗ് പ്രവൃത്തികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. എഴുനൂറ്റി അന്‍പതോളം നീര്‍ച്ചാലുകളും തോടുകളുമാണ് മാപ്പിംഗിലൂടെ കണ്ടെത്തി അടയാളപ്പെടുത്തിയത്. ക്യാമ്പയിനിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വൈത്തിരി, കോട്ടത്തറ, വെള്ളമുണ്ട, പൊഴുതന, പനമരം, തരിയോട്, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, പുല്‍പള്ളി, പടിഞ്ഞാറത്തറ, എടവക, തവിഞ്ഞാല്‍, തിരുനെല്ലി, വെങ്ങപ്പള്ളി, മാനന്തവാടി നഗരസഭ എന്നീ 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് മാപ്പിംഗ് നടത്തിയത്.
കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ മാപ്പത്തോണ്‍ അവതരണവും ആസൂത്രണവും 15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കും. ജല സംരക്ഷണം, കൃഷി, ടൂറിസം, മാലിന്യ സംസ്‌കരണം എന്നീ നാല് മേഖലകളെ കബനി നദിയുമായി ബന്ധിപ്പിച്ച് പുനരുജീവന പദ്ധതികള്‍ നടപ്പിലാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
കബനിയുടെ പുനരുജീവനുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതി, ജലസേചനം, മണ്ണ് സംരക്ഷണം തുടങ്ങിയ വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ ഏകോപനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ അവതരണവും ആസൂത്രണവും ഓഗസ്റ്റ് 4 ന് വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നടക്കും. കബനിയുടെ ഉത്ഭവ കേന്ദ്രമായ വൈത്തിരി പഞ്ചായത്തിലായിരുന്നു മാപ്പിംഗ് ആദ്യം തുടങ്ങിയത്. നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളിലൂടെ ഒഴുകുന്ന കബനിയുടെ പ്രധാന കൈവഴികളുടെ നിലവിലെ സ്ഥിതിയെ കുറിച്ച് സര്‍വേ നടത്തുകയും മാപ്പത്തോണ്‍ സാങ്കേതികവിദ്യയിലൂടെ മാപ്പിംഗ് നടത്തി മാലിന്യമുള്ള ഇടങ്ങളും ഒഴുക്കു നിലച്ച നീര്‍ച്ചാലുകളും കണ്ടെത്തി അവയെ പുനരുജീവിപ്പിച്ച് സുസ്ഥിരമക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് കബനി പുനരുജീവനം പദ്ധതി. ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് സര്‍വ്വേ മാപ്പിംഗ് നടന്നത്. ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ന്‍മാരുടെ നേതൃത്വത്തില്‍ മാപ്പത്തോണ്‍ സാങ്കേതിക സഹായത്തോടെ സര്‍വ്വേ നടത്തുകയും ഡിജിറ്റല്‍ മാപ്പിംഗിലൂടെ രേഖപ്പെടുത്തുകയും ചെയ്തു.
കബനി നദി പുനരുജീവനത്തിന്റെ ആദ്യ ഘട്ടത്തില്‍ നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍ സീമയുടെ നേതൃത്വത്തില്‍ ആലോചനയോഗം ചേര്‍ന്നിരുന്നു. 15 തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ക്യാമ്പയിനിന്റെ രണ്ടാം ഘട്ടത്തില്‍ കബനി നദി പുനരുജീവനം കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിലും പഞ്ചായത്ത്തലങ്ങളിലും വാര്‍ഡു തലങ്ങളിലും ശില്‍പശാലകള്‍ സംഘടിപ്പിച്ചിരുന്നു. ജല സംരക്ഷണം, കൃഷി വികസനം, ടൂറിസം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളാണ് ശില്‍പശാലയില്‍ അവലോകനം ചെയ്തത്.
ഡിജിറ്റല്‍ മാപ്പിംഗ്
ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ മാപ്പ ത്തോണില്‍ ഡിജിറ്റല്‍ മാപ്പിംഗാണ് ഉപയോഗിച്ചത്. ഡിജിറ്റല്‍ മാപ്പത്തോണിലൂടെ 2 മീറ്റര്‍ സ്പഷ്ടതയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഡിജിറ്റല്‍ ഭൂപടങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് അവിടെയുള്ള ജല സ്രോതസ്സുകളുടെ ചെറിയ സവിശേഷതകള്‍ പോലും കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. ഇത്തരത്തില്‍ മാപ്പിംഗിലൂടെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ പഠിച്ച് കൃത്യമായ ആസൂത്രണവും പദ്ധതി നിര്‍വ്വഹണവും നടത്താനാകും. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഒരു പ്രദേശത്തെ വിഭവങ്ങളും സവിശേഷതകളും ഡിജിറ്റല്‍ ഭൂപടമായ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പില്‍ രേഖപ്പെടുത്താന്‍ കഴിയും.
മാപ്പത്തോണില്‍ പങ്കാളികളായി വിദ്യാര്‍ത്ഥികളും
കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായുള്ള മാപ്പതോണില്‍ പങ്കാളികളായി വിദ്യാര്‍ത്ഥികളും. മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജ്, മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജ് എന്നിവടങ്ങളിലെ 48 വിദ്യാര്‍ത്ഥികളാണ് മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളില്‍ പങ്ക്ചേര്‍ന്നത്. മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപെടുത്തുന്നതിനായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിശദീകര സെഷനുകള്‍ സംഘടിപ്പിച്ചിരുന്നു. പുല്‍പ്പള്ളി, തവിഞ്ഞാല്‍, തിരുനെല്ലി, മാനന്തവാടി മുനിസിപ്പാലിറ്റി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത്. ഇവരെ നാല് അംഗങ്ങള്‍ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിച്ച് ഒരോ ഗ്രൂപ്പിനും ഓരോ ലീഡര്‍മാരെ തിരഞ്ഞെടുത്തു. ലീഡര്‍മാര്‍ക്ക് നവ കേരളം കര്‍മ്മ പദ്ധതി ആര്‍.പിമാര്‍ മാപ്പത്തോണ്‍ ട്രെയിസിങ്, ആം ചെയര്‍ മാപ്പിങ് എന്നിവയില്‍ പ്രത്യേക ഫീല്‍ഡ്തല പരിശീലനവും നല്‍കിയിരുന്നു. അതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഫീല്‍ഡില്‍ ഇറങ്ങിയത്.
ശ്രദ്ധേയമായി ജനകീയതോട് സഭ, പുഴ നടത്തം
കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി നവകേരളം കര്‍മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച ജനകീയ തോട് സഭയും പുഴ നടത്തവും ശ്രദ്ധേയമായി. പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെ മാപ്പിംഗ്, കബനിക്കായ് വയനാട്, നീരുറവ് പദ്ധതികളുടെ ഭാഗമായാണ് ജനകീയ തോട് സഭയും പുഴ നടത്തവും സംഘടിപ്പിച്ചത്. വിവിധ പഞ്ചായത്തുകളില്‍ നടന്ന പരിപാടികളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുക്കാരും പങ്കാളികളായി.
ജലസുരക്ഷയ്ക്കായി ജലബജറ്റും
ഹരിത കേരളം മിഷന്റെയും ജലവിഭവ വികസന പരിപാലന കേന്ദ്രത്തിന്റേയും നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്കില്‍ തയ്യാറാക്കിയ ജലബജറ്റ് കബനിക്കായ് വയനാട് ക്യാമ്പയിനില്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. കബനിയുടെ പ്രധാന കൈവഴികള്‍ ഒഴുകുന്ന തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക, വെള്ളമുണ്ട, തിരുനെല്ലി പഞ്ചായത്തുകളിലാണ് ജലബജറ്റ് തയ്യാറാക്കിയത്. പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, ഭൂവിനിയോഗം, വനം, ജനവാസ മേഖല എന്നിവയുടെ വിവരങ്ങള്‍, കൃഷി, വ്യവസായം, വാണിജ്യം, ഗാര്‍ഹികം, മൃഗസംരക്ഷണം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ ഉള്ള ജല ആവശ്യം, പഞ്ചായത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള ജലവിതരണം തുടങ്ങിയവ ജലബജറ്റില്‍ ഉള്‍പ്പെടുത്തി ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ അളവും കണക്കാക്കി ലഭ്യമായ ജലത്തിന്റെ അളവ് ആവശ്യമുളളതിനേക്കാള്‍ കുറവാണെങ്കില്‍ അതിനനുസരിച്ച് ജലത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുതിനും ഉപയോഗം ക്രമപ്പെടുത്തുതിനുമുളള ഇടപെടലുകള്‍ ശാസ്ത്രീയ അടിത്തറയോടുകൂടി നടപ്പിലാക്കാന്‍ ഇതുവഴി തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാധിക്കും. കബനി പുനരുജീവനുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ജല ബജറ്റ് സഹായകരമാവും.