സുൽത്താൻബത്തേരി: മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് തന്നെ മുൻപന്തിയിൽ നിൽക്കുന്ന സുൽത്താൻബത്തേരി നഗരസഭയ്ക്ക് വരുംകാലങ്ങളിലും ഈ പെരുമ നിലനിർത്താൻ സുസ്ഥിരമായ ഖര മാലിന്യ പരിപാലന സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്ന് ചെയർമാൻ ടി കെ രമേഷ്. നഗരസഭയും കേരള ഖര മാലിന്യ പരിപാലന പദ്ധതി(KSWMP) വയനാടും സംയുക്തമായി സംഘടിപ്പിച്ച ‘സ്റ്റെയ്ക്ക് ഹോൾഡർ’ കൂടിയാലോചന യോഗത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർമാൻ. യോഗത്തിൽ കെ എസ് ഡബ്ലിയു എം പിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഖര മാലിന്യ പരിപാലന രൂപരേഖ അവതരിപ്പിക്കുകയും അതിനുമേൽ തുടർ ചർച്ചകൾ നടക്കുകയും ചെയ്തു. അടുത്ത 25 വർഷങ്ങളിൽ നഗരസഭയിൽ ഉണ്ടായേക്കാവുന്ന ജനസംഖ്യാനുപതികമായ മാലിന്യ പ്രശ്നങ്ങൾ അവയെ ശാസ്ത്രീയമായും സമഗ്രമായും പരിപാലിക്കുക, ഉറവിടമാലിന്യ സംസ്കരണം ശക്തിപ്പെടുത്തുക, സാമൂഹിക തലത്തിൽ മാലിന്യ പരിപാലന സംവിധാനങ്ങൾ ഒരുക്കുക, മാലിന്യത്തിൽ നിന്നും വരുമാനം നേടുന്ന പദ്ധതികൾ വിഭാവനം ചെയ്യുക, സാനിട്ടറി – ബയോ മെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങി ഖര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങളും പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ രീതിയിലാണ് രൂപരേഖ അവതരിപ്പിച്ചിരിക്കുന്നത്. കെ എസ് ഡബ്ലിയു എംപിയുടെ ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ അസ്ഹർ അസീസ്, ജൈസൻ, ഡോ.സൂരജ് തുടങ്ങിയവർ മാലിന്യ പരിപാലന രൂപ രേഖയുമായി ബന്ധപ്പെട്ട് സംസാരിച്ചു. യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സ് ഷാമില ജുനൈസ് സ്വാഗതം പറയുകയും നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിക്കുകയും ചെയ്തു.