കൽപ്പറ്റ: ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ഔദ്യോഗിക ഭാഷ വകുപ്പ് സെക്രട്ടറി വി.ആര്‍. കൃഷ്ണകുമാര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് ശതമാനം ഭാഷാ പുരോഗതി കൈവരിച്ച വകുപ്പുകളെ യോഗത്തില്‍ അഭിനന്ദിച്ചു. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകള്‍, ഉദ്യോഗപ്പേര്, സീലുകള്‍ എന്നിവ മലയാളത്തിലാക്കണം. കേന്ദ്ര സര്‍ക്കാറുമായുള്ള കത്തിടപാടുകള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള കത്തിടപാടുകള്‍, ഇതര സംസ്ഥാനങ്ങളുമായുള്ള കത്തിടപാടുകള്‍, ഇതര രാജ്യങ്ങളുമായുള്ള കത്തിടപാടുകള്‍, ഹൈക്കോടതി, സുപ്രീം കോടതിയുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍, ഭാഷാന്യൂനപക്ഷ പ്രദേശങ്ങളില്‍ (ഇടുക്കി-തമിഴ്, കാസര്‍ഗോട്-കന്നട) അവരുടെ ഭാഷയില്‍ മറുപടി നല്‍കുക, ഏതെങ്കിലും നിയമത്തിലോ ചട്ടങ്ങളിലോ ഈ പ്രത്യേക ആവശ്യത്തിന് ഇംഗ്ലീഷ് ഉപയോഗിക്കാം എന്ന് പറയുന്ന സാഹചര്യത്തില്‍ എന്നിങ്ങനെ ഏഴ് സാഹചര്യങ്ങളില്‍ മാത്രമാണ് മലയാളത്തിലല്ലാതെ ഫയലുകളും കത്തുകളും തയ്യാറാക്കാന്‍ പാടുള്ളു. എന്നാല്‍ ഈ ഏഴു സാഹചര്യത്തിലും നോട്ട് ഫയല്‍ മലയാളത്തില്‍ കൈകാര്യം ചെയ്യണം. ഓരോ മാസത്തെയും ഭാഷാ പുരോഗതി റിപ്പോര്‍ട്ട് അഞ്ചാം തീയതിക്കകം കളക്ട്രേറ്റില്‍ ലഭ്യമാക്കണം. ജില്ലയിലെ എല്ലാ വകുപ്പുകളിലും ഭാഷാപുരോഗതി അവലോകനം നടത്തണം. വിവരാവകാശം, സേവനാവകാശം സംബന്ധിച്ച ബോര്‍ഡുകള്‍ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണം. എ.ഡി.എം. എന്‍.ഐ.ഷാജു അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു നന്ദി പറഞ്ഞു. ജില്ലാതല ഉദ്യോഗസ്ഥര്‍, വകുപ്പുതല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.