വൈത്തിരി: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി വൈത്തിരി പഞ്ചായത്തില്‍ മാപ്പത്തോണ്‍ അവതരണവും ആസൂത്രണവും നടന്നു. വൈത്തിരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. കബനിക്കായ് വയനാട് പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നവകേരളം കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു അവതരിപ്പിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്തിലെ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും ഒന്നിച്ച് പ്രവര്‍ത്തിക്കും. പഞ്ചായത്തില്‍ നടത്തിയ മാപ്പത്തോണില്‍ 47 തോടുകളാണ് കണ്ടെത്തി അടയാളപ്പെടുത്തിയത്. പഞ്ചായത്തിലെ തോടുകളെ വീണ്ടെടുക്കാന്‍ കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
മാപ്പത്തോണ്‍ സാങ്കേതികതയെക്കുറിച്ചും വൈത്തിരി പഞ്ചായത്തിലെ നീര്‍ച്ചാലുകളുടെ മാപ്പിംഗ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഐ.സി.എഫ്.ഒ.എസ്.എസ് പ്രതിനിധികളുടെ സഹാത്തോടെ ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ കെ.ജി ആതിര വിശദീകരിച്ചു. നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍ സീമ ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തൊഴിലുറപ്പ് ജെ.പി.സി, സോയില്‍ സര്‍വ്വേ അസ്സിസ്റ്റ് ഡയറക്ടര്‍, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്മെന്റ് പ്രതിനിധി, സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ജില്ലാ കോര്‍ഡിനേറ്റര്‍, ഓറിയന്റല്‍ കോളേജ് പ്രതിനിധി, വെറ്ററിനറി കോളേജ് എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍, മൈനര്‍ ഇറിഗേഷന്‍ എ.ഇ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി, എം.എസ്.എസ്.ആര്‍.എഫ് പ്രധിനിധി, സേവ് സഹ്യാധ്രി പ്രവര്‍ത്തകന്‍, എന്‍.ആര്‍.ഇ.ജി.എ എ.ഇ, കൃഷി ഓഫീസര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ വിവിധ ഡിപ്പാര്‍ട്മെന്റുകള്‍ക്ക് കബനിക്കായ് വയനാട് പദ്ധതിയില്‍ ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
യോഗത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രതിനിധികള്‍, ഹരിത കര്‍മ്മസേന, സോഷ്യല്‍ ഓഡിറ്റ് അംഗങ്ങള്‍, എന്‍.കെ.കെ.പി റിസോഴ്സ് പേഴ്സണ്‍മാര്‍, ഇന്റേണ്‍സ്, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.