കൽപ്പറ്റ: ജനുവരി മുതല്‍ ജൂലൈ 31 വരെയുളള ഏഴ് മാസ കാലയളവില്‍ എക്‌സൈസ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 3272 കേസുകള്‍. 2839 റെയ്ഡുകളും പോലീസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകളുമായി ചേര്‍ന്ന് 31 സംയുക്ത പരിശോധനകളും ഇക്കാലയളവില്‍ നടത്തി. 64,771 വാഹനങ്ങളും പരിശോധിച്ചു. കളക്ട്രേറ്റില്‍ നടന്ന ജനകീയ സമിതി യോഗത്തിലാണ് എക്‌സൈസ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. 421 അബ്കാരി കേസുകളും 22 എന്‍.ഡി.പി.എസ് കേസുകളും 2829 കോട്പ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കോട്പ കേസുകളില്‍ പിഴയായി 5,65,800 രൂപയും ഈടാക്കി. അബ്കാരി കേസില്‍ 313 പ്രതികളെയും, എന്‍.ഡി.പി.എസ് കേസുകളില്‍ 218 പ്രതികളെയും അറസ്റ്റ് ചെയ്തു. തൊണ്ടി മുതലായി 1353.95 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 265.66 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം, 6.5 ലിറ്റര്‍ വ്യാജ മദ്യം, 75.4 ലിറ്റര്‍ ബിയര്‍, 24.75 ലിറ്റര്‍ അരിഷ്ടം, 2745 ലിറ്റര്‍ വാഷ്, 21 ലിറ്റര്‍ ചാരായം, 43.245 കി.ഗ്രാം കഞ്ചാവ്, 11 കഞ്ചാവ് ചെടികള്‍, 5.828 ഗ്രാം മെത്താംഫീറ്റാമിന്‍, 1126.661 ഗ്രാം എം.ഡി.എം.എ, 22.3 ഗ്രാം ഹാഷിഷ് ഓയില്‍ 0.119 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പ്, 7.705 ഗ്രാം ചരസ്സ്, 90 ഗ്രാം നൈട്രസപ്പാം ഗുളികകള്‍, 0.690 ഗ്രാം കൊക്കൈന്‍, 53.95 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ 646 പാക്കറ്റ് ഹാന്‍സ്, 40,00,000 രൂപയുടെ കുഴല്‍പ്പണം, 24,080 തൊണ്ടി മണി, 20 വാഹനങ്ങള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. ഈ കാലയളവില്‍ വിമുക്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 527 കോളനികള്‍ സന്ദര്‍ശിക്കുകയും 1422 ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്തു. ജില്ലയിലെ മൂന്ന് താലൂക്കുകളിലും അതിഥി തൊഴിലാളികള്‍ക്കായി മൂന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.