ബി.ജെ.പി. തകർത്ത മണിപ്പൂരിനെ കോൺഗ്രസ് വീണ്ടെടുക്കുമെന്ന് രാഹുൽ ഗാന്ധി എംപി

കൽപ്പറ്റ: അമ്പത് തവണ അയോഗ്യനാക്കിയാലും അതിൻ്റെ ഇരട്ടി ശക്തിയിൽ വയനാടുമായുള്ള ബന്ധം സുദൃഡമാകുമെന്ന് രാഹുൽ ഗാന്ധി.അയോഗ്യനാക്കപ്പെട്ടപ്പോൾ വയനാടൻ ജനത നൽകിയ സ്നേഹത്തിനും സംരക്ഷണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ സ്വീകരണമാണ് രാഹുൽ ഗാന്ധി എം.പി.ക്ക് കൽപ്പറ്റയിൽ ഡി.സി.സി ഒരുക്കിയത്. മണിപ്പൂർ എന്ന കുടുംബത്തെ ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി മോദിയും ബി.ജെ.പി.യും ശ്രമിക്കുന്നതെന്നും ഈ വലിയ വിഭജനത്തിൽ മണിപ്പൂരിനെ തിരിച്ചു കൊണ്ടുവരുമെന്നും പൊതു സമ്മേളനത്തിൽ രാഹുൽ ഗാന്ധി എം.പി .പറഞ്ഞു.

പാർലമെൻ്റിൽ നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം കൽപ്പറ്റയിൽ രാഹുൽ ഗാന്ധിക്ക് നൽകിയ സ്വീകരണത്തേക്കാൾ പ്രൗഡിയിലാണ് എം.പി.യായി തിരിച്ചെത്തിയപ്പോൾ വയനാടൻ ജനതയുടെ പേരിൽ ഡി.സി.സി. സ്വീകരണം ഒരുക്കിയത്.
25,000 ചതുരശ്ര അടിയിൽ പുതിയ ബസ് സ്റ്റാൻഡിൽ ഒരുക്കിയ പന്തലിൽ
ആയിരകണക്കിനാളുകൾ മണിക്കൂറുകൾക്ക് മുമ്പേ തന്നെ ഇരിപ്പിടങ്ങൾ സ്വന്തമാക്കി. അഞ്ചരയോടെ വേദിയിലേക്ക് രാഹുൽ ഗാന്ധി എത്തുമ്പോൾ സി.പി.ജോൺ ,കെ.മുരളീധരൻ എം പി., എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരീഖ് അൻവർ,, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പ്രവർത്തകരെ അഭി സംബോധന ചെയ്തിരുന്നു.
മണിപ്പൂരിലെ സങ്കട കാഴ്ചകളും വേദനകളും ജനങ്ങളുമായി പങ്ക് വെച്ച് പ്രസംഗം തുടങ്ങിയ രാഹുൽ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചതും മണിപ്പൂരിനെ പരാമർശിച്ചാണ്. വയനാട് പാർലമെൻറ് മണ്ഡലത്തിൽ കൈത്താങ്ങ് പദ്ധതിയിൽ നിർമ്മിച്ച ഭവനങ്ങളുടെ നാലാം ഘട്ട താക്കോൽദാനം രാഹുൽ ഗാന്ധി നിർവ്വഹിച്ചു. ഒമ്പത് വീടുകളുടെ താക്കോലാണ് കൈമാറിയത്. പൊതുസമ്മേളനത്തിൽ കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ എം.പി.അധ്യക്ഷത വഹിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് രണ്ട് ദിവസത്തെ പര്യടനം പൂർത്തിയാക്കിയ ശേഷം രാഹുൽ ഗാന്ധി ഡൽഹിക്ക് മടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *