മേപ്പാടി-ചൂരല്‍മല റോഡ്: ഒക്‌ടോബര്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നവംബര്‍ മാസത്തില്‍ പ്രവൃത്തി ആരംഭിക്കും: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ


കല്‍പ്പറ്റ: മേപ്പാടി-ചൂരല്‍മല റോഡിന്റെ പ്രവൃത്തി ഒക്‌ടോബര്‍ മാസത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നവംബര്‍-ഡിസംബര്‍ മാസത്തോടെ പ്രവൃത്തി ആരംഭിക്കുമെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. പ്രസ്തുത റോഡുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ഇന്നലെ പ്രതിഷേധിക്കാനിട വന്നത് അവരുടെ ന്യായമായ ആവശ്യം നടപ്പിലാക്കികിട്ടുന്നതിന് വേണ്ടിയാണ്. ജനപ്രതിനിധിയെന്ന നിലയില്‍ ഈ റോഡിന്റെ ശോചനീയവാസ്ഥ മൂലമുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ട് അനുഭവിക്കുന്നതാണ്. പ്രദേശവാസികളെ കുറ്റം പറയാന്‍ കഴിയില്ലെന്ന് മാത്രമല്ല, അവരുടെ ആവശ്യം തീര്‍ത്തും ന്യായമാണ്. നേരത്തെയുണ്ടായിരുന്ന ത് റദ്ദാക്കി പുതിയ പ്രവൃത്തിയാണ് റോഡ് നിര്‍മ്മാണം നടക്കാന്‍ പോകുന്നതെന്നും എം എല്‍ എ പറഞ്ഞു. പ്രസ്തുത റോഡിന് വേണ്ടി മുപ്പതിലധികം മീറ്റിംഗുങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും നേതൃത്വം നല്‍കിയാണ് ഇപ്പോള്‍ അവസാനഘട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്. അടുത്തമാസം ആദ്യം നടക്കുന്ന കിഫ്ബി ബോര്‍ഡ് മീറ്റിംഗില്‍ പുതുക്കിയ എസ്റ്റിമേറ്റിനുള്ള സാമ്പത്തിക അംഗീകാരം കിട്ടുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സാങ്കേതിക അനുമതിയും ടെണ്ടര്‍ നടപടികളിലേക്കും ഉടന്‍ തന്നെ കടക്കുമെന്നും അദ്ദേഹം പറഞ്ഞു. എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇത്രയേറെ ഇടപെടലുകള്‍ നടത്തിയ മറ്റൊരു പ്രവൃത്തിയുമുണ്ടായിട്ടില്ല. പൊതുമരാമത്ത് വകുപ്പ്മന്ത്രി കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസ്തുത വിഷയം അവതരിപ്പിച്ചത് മുതല്‍ തുടര്‍ച്ചയായി ഈ റോഡ് പൂര്‍ത്തിയാക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. റോഡുമായി ബന്ധപ്പെട്ട് ചൂരല്‍മലയില്‍ ജനകീയ കമ്മിറ്റി ചേരുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് വീണ്ടും നിവേദനം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തി. ഈ യോഗത്തില്‍ യോഗത്തില്‍ കെ.ആര്‍.എഫ്.ബി പ്രോജക്ട് ഡയറക്ടര്‍ (സി.ഇ), എക്‌സി. എഞ്ചിനീയര്‍, പി.ഡബ്യു.ഡി റോഡ്‌സ് കല്‍പ്പറ്റ, കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, പൊതുമരാമത്ത് മന്ത്രിയുടെ പി.എസ്, കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ് എക്‌സി. എഞ്ചിനീയര്‍ പി.ഡബ്യു.ഡി റോഡ്‌സ് സബ്ബ് ഡിവിഷന്‍ കല്‍പ്പറ്റ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, കോണ്‍ട്രാക്ടറുടെ പ്രതിനിധി എന്നിവരും പങ്കെടുത്തിരുന്നു. ഇതിന് ശേഷം പ്രസ്തുത റോഡുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് പടിക്കല്‍ പഞ്ചായത്ത് മെമ്പര്‍മാരുടെ സമരം നടന്നു. ഭൂമി വിട്ടുകിട്ടുകയെന്നതായിരുന്നു റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് പ്രധാന തടസം. ഇതിന് പരിഹാരം കാണാനും നിരന്തരമായ ശ്രമങ്ങള്‍ നടത്തി. ഒക്ടോബര്‍ 30ന് എച്ച്.എം.എല്‍ ഫാക്ടറിക്ക് മുന്നില്‍ ധര്‍ണ നടത്തി. ഒക്ടോബര്‍ 30ന് ഭൂമി സൗജന്യമായി വിട്ട് നല്‍കുന്നതിന് സംബന്ധിച്ച് കളക്ട്രേറ്റില്‍ വെച്ച് മീറ്റിംഗ് നടന്നു. മീറ്റിംഗിന്റെ അജണ്ട റോഡിനാവശ്യമായ ഭൂമി ലഭ്യമാക്കുക എന്നത് തന്നെയായിരുന്നു. ഭൂമി സൗജന്യമായി വിട്ട് നല്‍കാന്‍ എ.വി.റ്റി, പോഡാര്‍ കമ്പനികള്‍ സമ്മതിച്ചു. അത് മിനിറ്റ്‌സ് ആക്കി. എന്നാല്‍ എച്ച്.എം.എല്‍ കലക്ടറുടെ കത്ത് വേണമെന്ന് ആവശ്യപ്പെട്ടു. കമ്പനിയുമായും സംസാരിച്ചതിന് ശേഷം മാത്രമേ പറയാന്‍ പറ്റുകയുള്ളൂവെന്നും അറിയിച്ചു. തിരുവനന്തപുരം കിഫ്ബി ആസ്ഥാനത്ത് വെച്ച് റിവ്യു മീറ്റിംഗ് വിളിച്ച് ചേര്‍ത്തു. ഈ മീറ്റിംഗില്‍ മേപ്പാടി-ചൂരല്‍മല പ്രശ്നം പരിഹരിക്കണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി ചുണ്ടയിലെ എച്ച്.എം.എല്‍ ഓഫീസില്‍ വെച്ച് ചര്‍ച്ച നടത്തി, സ്ഥലം വിട്ട് തരുന്നതിന് കത്ത് നല്‍കി. പിന്നീട് തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വെച്ച് കൂടികാഴ്ച നടത്തി. നിരന്തരമായി ഇടപെട്ടതിനെ തുടര്‍ന്ന് രണ്ട് തവണ ടെണ്ടര്‍ വിളിച്ചു. രണ്ട് തവണ അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിച്ചു. റോഡിന് ആവശ്യമായ എച്ച്.എം.എല്‍ കമ്പനിയുടെ കൈവശമുളള ഭൂമി വിട്ട് നല്‍കുന്നതിന് റവന്യു വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി. കിഫ്ബി ആസ്ഥാനത്ത് ജനറല്‍ മനേജര്‍ അപ്രൈസറുമായി വിശദമായ ചര്‍ച്ച നടത്തുകയും, കിഫ്ബി സി ഇ ഒ യുടെ പ്രയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും, നിലവിലുള്ള പോരായ്മകള്‍ തീര്‍ത്ത് അനുമതി ലഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുവാനും യോഗത്തില്‍ തീരുമാനമെടുത്തു. 2023 ഏപ്രില്‍ ഒമ്പതിന് കിഫ്ബി ആസ്ഥാനത്ത് കിഫ്ബി ജനറല്‍ മാനേജരുമായി മീറ്റിംഗ് നടത്തുകയും, പ്രസ്തുത റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ സി.ഇ.ഒ യുടെ പ്രയോരിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നും പൂര്‍ത്തീകരണത്തിനുള്ള മേല്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് ലഭിക്കുകയും ചെയ്തു. ഏപ്രില്‍ 18ന് ഒമ്പതിന് കഴിഞ്ഞ യോഗത്തിന്റെ അടിസ്ഥാനത്തില്‍ സി.ഇ.ഒ യുടെ അധ്യക്ഷതയില്‍ ഒരു സ്പെഷ്യല്‍ മീറ്റിംഗ് നടത്തുകയും, പ്രസ്തുത പ്രവൃത്തി നിലവിലുള്ള സ്ഥലം ലഭ്യത അടിസ്ഥാനമാക്കി എന്നാല്‍ റോഡിന്റെ ക്യാരേജ്വേയില്‍ കുറവ് വരുത്താതെ ഏഴ് മീറ്ററില്‍ തന്നെ നിലനിര്‍ത്തി ഒമ്പത് മീറ്റര്‍ വീതിയുള്ള ഭാഗങ്ങളില്‍ മഴ വെള്ളം ഒലിച്ച് പോകുവാന്‍ പാത്തികള്‍ നിര്‍മ്മിക്കുകയും വീതിയുള്ള സ്ഥലങ്ങളില്‍ വലിയ ഓട നിര്‍മ്മിക്കുകയും റോഡിന്റെ മൊത്തത്തിലുള്ള പൂര്‍ണ്ണമായ വികസനം ബി എം ആന്റ് ബി സി നിലവാരത്തില്‍ പൂര്‍ത്തീകരിക്കാനുള്ള അംഗീകാരം ലഭിച്ചു. ഇനി മുന്നിലുള്ള കടമ്പ സെപ്റ്റംബറില്‍ നടക്കുന്ന കിഫ്ബിയുടെ ബോര്‍ഡില്‍ അപ്രൂവല്‍ ലഭിക്കുകയെന്നതാണ്. ഇതു കൂടി കഴിഞ്ഞാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വേഗത്തില്‍ റോഡ് പ്രവൃത്തി ആരംഭിക്കാനാവും. പ്രസ്തുത റോഡിന്റെ കാര്യത്തില്‍ സ്ഥലമേറ്റെടുപ്പ് നടക്കാതെ വന്നതാണ് ഇതുപോലെ പ്രതിസന്ധിക്കിടയാക്കിയതും. നടന്നുവന്നിരുന്ന പ്രവൃത്തി നിലച്ച് കരാറുകാരനെ ഒഴിവാക്കേണ്ട സാഹചര്യമുണ്ടായതും. റോഡിന്റെ പ്രധാനതടസങ്ങള്‍ മുഴുവന്‍ നീക്കി പ്രശ്‌നം പരിഹരിക്കാനുള്ള സമീപനം സ്വീകരിച്ചിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *