സ്വര്‍ണം വാങ്ങിപ്പിച്ച് പണം നല്‍കാതെ തട്ടിപ്പ് നടത്തിയതായി പരാതി


കല്‍പ്പറ്റ: അഡ്വാന്‍സ് തുക നല്‍കി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിപ്പിച്ച് ബാക്കി പണം നല്‍കാതെ തട്ടിപ്പ് നടത്തിയതായും, പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി. ഇത്തരത്തില്‍ സ്വര്‍ണം വാങ്ങിയതിന്റെ പേരില്‍ രണ്ട് ജ്വല്ലറികളിലായി ഒമ്പത് ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്ന് വാകേരി മൂടക്കൊല്ലി സ്വദേശികളായ അനൂപ്, ഷൈനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അയല്‍വാസിയായ ജോഷിലയാണ് കല്യാണത്തിനെന്ന പേരില്‍ അഡ്വാന്‍സ് തുക നല്‍കി സ്വര്‍ണം വാങ്ങാന്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ വാങ്ങി നല്‍കിയാല്‍ വേതനം നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സ്വര്‍ണം വാങ്ങാന്‍ തയ്യാറായതെന്ന് ഇരുവരും പറഞ്ഞു. ജോഷിലയുടെ സുഹൃത്തായ അഷ്‌റഫാണ് വാങ്ങിയ സ്വര്‍ണം കൊണ്ടുപോയത്. എന്നാല്‍ ബാക്കി തുകക്കായി വിളിച്ചപ്പോള്‍ അഷ്‌റഫും ജോഷിലയും ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഇപ്പോള്‍ ഫോണെടുക്കാത്ത സാഹചര്യമാണ്. ബത്തേരിയിലെയും മീനങ്ങാടിയിലെയും രണ്ട് ജ്വല്ലറികളിലായി ഇപ്പോള്‍ ഒമ്പത് ലക്ഷം രൂപയോളം നല്‍കാനുണ്ട്. ജ്വല്ലറിക്കാരുമായുള്ള പരിചയത്തിന്റെ പേരിലാണ് ഇത്തരത്തില്‍ പല ജ്വല്ലറികളില്‍ നിന്നായി നൂറ് പവനിലേറെ സ്വര്‍ണം പലപ്പോഴായി വാങ്ങി നല്‍കിയത്. ആദ്യമെല്ലാം കൃത്യമായി അഡ്വാന്‍സ് തുകയും, ബാക്കി തുകയും നല്‍കി വിശ്വാസ്യത നേടിയാണ് ജോഷിലും അഷ്‌റഫും തങ്ങളെ പിന്നീട് വഞ്ചിച്ചതെന്നും ഇരുവരും പറഞ്ഞു. കേണിച്ചിറ പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് ബത്തേരി പൊലീസിലും പരാതി നല്‍കി. എന്നാല്‍ പരാതി നല്‍കിയ തങ്ങളെ പ്രതികളാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. നിലവില്‍ ജില്ലാപൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ്. എത്രയും വേഗം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇരുവരും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *