കൽപ്പറ്റ: ഓണാഘോഷത്തിനായി ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി.ഡി.എസ് തലത്തില്‍ 26 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. ജില്ലയില്‍ വിവിധയിടങ്ങളില്‍ ആഗസ്റ്റ് 23 മുതല്‍ ഓണച്ചന്തകള്‍ പ്രവര്‍ത്തനമാരംഭിക്കും. വൈവിധ്യമാര്‍ന്ന തനത് ഉത്പ്പന്നങ്ങളുമായാണ് കുടുംബശ്രീ ഓണച്ചന്ത ഒരുക്കുന്നത്. കുടുംബശ്രീ സംരംഭകരുടെ അച്ചാറുകള്‍, ചിപ്സുകള്‍, പലഹാരങ്ങള്‍, ധാന്യപ്പൊടികള്‍, മസാലപ്പൊടികള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷ്യ ഉത്പ്പന്നങ്ങള്‍, പായസം മിക്സ്, വെളിച്ചെണ്ണ, തുണിത്തരങ്ങള്‍, ഫാന്‍സി ആഭരണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഹെര്‍ബല്‍ ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ചന്തയില്‍ ഒരുക്കിയിരിക്കുന്നത്. സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ വിവിധ ഉത്പ്പന്നങ്ങളും, ജെ.എല്‍.ജി ഗ്രൂപ്പുകളുടെ നാടന്‍ പച്ചക്കറികളും, മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും ഗുണമേന്മ ഉറപ്പു വരുത്തി മിതമായ വിലയില്‍ ലഭ്യമാക്കും. ജില്ലയിലെ 26 സി.ഡി.എസ്സുകളുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ സി.ഡി.എസ്സ്തല ഓണച്ചന്തകളും, ജില്ല മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല ഓണച്ചന്തയും നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ അറിയിച്ചു.