വേഗത്തിലാക്കി പോസ്റ്റ്മോർട്ടം;മാതൃകയായി മെഡിക്കൽ കോളേജ്

മാനന്തവാടി: വയനാടിനെ നടുക്കിയ വാഹന ദുരന്തത്തിൽ വയനാട് മെഡിക്കൽ കോളേജിൻ്റെ ഇടപെടലും മാതൃകാപരമായി. കണ്ണോത്ത് മലയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റവരെയും കൊണ്ട് പാഞ്ഞെത്തിയപ്പോൾ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിരുന്നു. ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കി നിർത്തിയതിനാൽ വിദ്ഗധ ചികിത്സ ആവശ്യമുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കടക്കം മാറ്റാൻ സാധിച്ചു. അത്യാഹിത വിഭാഗം ആവശ്യത്തിന് ജീവനക്കാരും സജജീകരണങ്ങളുമായി കർമ്മ നിരതമായിരുന്നു.
ആരോഗ്യവകുപ്പിൻ്റെ ദ്രുതഗതിയിലുള്ള പ്രവർത്തനം മരണപ്പെട്ടവരുടെ പോസ്റ്റുമാർട്ടം നടപടികളും വേഗത്തിലാക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച്ച രാവിലെ 8.30 മണിയോടെയാണ് ത പോസ്റ്റുമാർട്ടം തുടങ്ങിയത്. ഡോക്ടർമാരായ കെ. കൃഷ്ണകുമാർ, എം രോഹിത്, എസ്. അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പോസ്റ്റ്മാർട്ടം നടപടികൾ ഏകോപിപ്പിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുടെ ചിട്ടയോടെയുള്ള പ്രവർത്തനം പോസ്റ്റ് മാർട്ടം നടപടികൾ 4 മണിക്കൂർ കൊണ്ട് പൂർത്തീകരിക്കാൻ സഹായിച്ചു. പോസ്റ്റ്മോർട്ടം പൂർത്തിയായ മൃതദേഹങ്ങൾ ഓരോന്നായി ആംബുലൻസുകളിലേക്ക് കയറ്റുകയായിരുന്നു. ഉച്ചയ്ക്ക് പതിനൊന്നരയോടെ ഒമ്പത് മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. 12 ന് മാനന്തവാടി അങ്ങാടിയിലൂടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മക്കിമലയിലേക്ക് പുറപ്പെട്ടു. ഏറ്റവും വേഗത്തിൽ ആശുപത്രി നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതിനാൽ പൊതുദർശനം നിശ്ചിയ സമയത്ത് നടത്താനും കഴിഞ്ഞു. ഒ.ആർ കേളു എം.എൽ.എ ജനപ്രതിനിധികൾ , സന്നദ്ധ സംഘടനാ പ്രതിനിധികൾ നാട്ടുകാർ എന്നിവയുടെയും സഹകരണം ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *