‘കുരുവികൾക്കും ഓണ വിരുന്ന് ‘ ശ്രദ്ധേയമായി

വെള്ളമുണ്ട: സഹജീവികളോടുള്ള സ്നേഹം കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നതിനായി മുണ്ടക്കൽ കോളനിയിൽ വേറിട്ട ഓണാഘോഷം നടത്തി. കോളനി പരിസരത്ത് ചിരട്ട ഉറി തൂക്കി പക്ഷികൾക്കാവശ്യമായ ഓണ വിരുന്ന് ഒരുക്കിയാണ് കോളനി നിവാസികളായ വിദ്യാർത്ഥികൾ മാതൃകയായത്. വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സുഗതവനം ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടത്തിയ പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത്‌ അംഗം കണിയാംകണ്ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡോ. മനു വർഗീസ്, രാഖിൽ കെ, ഭഗത് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

ഓണാഘോഷങ്ങളുടെ ഭാഗമായി ഓണപ്പാട്ടുകൾ, അത്തപ്പൂക്കളം,, ഓണപായസം, മറ്റ് ഇതര മത്സരങ്ങൾ കുഞ്ഞുങ്ങളിൽ വേറിട്ട അനുഭവമായിരുന്നു.
പക്ഷികൾക്ക് ഭക്ഷണവും കുടിവെള്ളവും നൽകിയത് കൂടാതെ കുട്ടികൾ തിരുവോണ ദിവസവും തുടർന്ന് ജീവിതത്തിൽ ഉടനീളവും, വീടുകളിൽ പക്ഷികൾക്ക് ഭക്ഷണവും കുടിവെള്ളവും നൽകാനുമുള്ള പ്രതിജ്ഞയും ഏറ്റു ചൊല്ലി. നമ്മുടെ കുട്ടികളിൽ ഭൂരിഭാഗവും സമ്പൽ സമൃദ്ധിയോടെ ഓണം ആഘോഷിക്കുമ്പോൾ മറുവശത്തു നിരാലംമ്പരായ മനുഷ്യർ ഉൾപ്പെടെ ഉള്ള ജീവജാലങ്ങൾ കൂടി ഉണ്ടെന്നുള്ള ബോധം കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു പരിപാടിയെന്നു ജുനൈദ് കൈപ്പാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *