കൽപറ്റ: വിനോദ സഞ്ചാരം എന്നത് സാധാരണകാർക്ക് കൂടെ അവകാശപ്പെട്ടതാണെങ്കിലും അത്തരമൊരു സാഹചര്യമല്ല ഇപ്പോൾ വയനാട്ടിൽ സൃഷ്ടിക്കപ്പെടുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. പണമുള്ളവർക്ക് വേണ്ടിയുള്ളതായി മാറിയിരിക്കുകയാണ് ടൂറിസം. ചൂരൽമല ദുരന്തം ഉണ്ടായതിന് ശേഷവും 500 ൽ അധികം ക്വാറികൾക്ക് അനുമതി നൽകിയ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അങ്ങിനെ പ്രകൃതി വലിയ തോതിൽ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം ഭരണകൂടങ്ങൾ പിൻതുണ നൽകുകയാണെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
ഗോത്ര ജീവിതത്തെ ആസ്പദമാക്കി യുവ സാഹിത്യകാരി പ്രന്യ പാറമ്മൽ രചിച്ച കൊമ്മ എന്ന നോവൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി ജീവിതത്തിൻ്റെ ചരിത്രം കൂടെയാണ് കൊമ്മയെന്നും ഗോത്ര സമൂഹം നേരിടുന്ന പ്രശ്നങ്ങൾ തൊട്ടറിഞ്ഞ് ഗോത്ര ജീവിതത്തിൻ്റെ അകത്തേക്ക് കയറി പോകാവുന്ന ഗൂഗിൾ മാപ്പാണ് പ്രന്യയുടെ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. ഗോത്ര സമൂഹം നേരിടുന്ന പ്രശ്നങ്ങൾ സ്ഥായിയായി പരിഹരിക്കപ്പെടുന്നില്ല. ചൂഷണം അവസാനിപ്പിക്കേണ്ട കമ്യൂണിസ്റ്റ്കാർ തന്നെ ജന്മിമാർ ആയ സാഹചര്യം വയനാട്ടിലുണ്ടായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിക്ക് ജന്മിത്വം അവസാനിപ്പിക്കാൻ പറ്റാത്തതിനാൽ ആണ് നക്സലുകൾ വരുന്നത്. ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഇന്നും മാറ്റമില്ലാത്ത സാഹചര്യമാണെന്നും ആ സമൂഹത്തിൻ്റെ വിവിധങ്ങളായ പ്രശ്നങ്ങളെ തുറന്നു കാണിക്കുന്നതാണ് കൊമ്മയെന്നും അദ്ദേഹം ചൂണ്ടി കാട്ടി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സത്താർ പുസ്തകം ഏറ്റുവാങ്ങി.
അക്ഷരദീപം സാംസ്കാരിക സമിതി വയനാട് ജില്ലാ പ്രസിഡൻ്റ് ടി.കെ. മുസ്തഫ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, പെതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജിനീയർ സുനിത ഒ , യുവജന ദൾ സംസ്ഥാന സമിതി അംഗം സി.പി റഹീസ്, ഇന്ദിരാ ഗംഗാധരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അക്ഷരദീപം എക്സിക്യുട്ടീവ് അംഗവും നോവലിസ്റ്റുമായ അശ്വനി കൃഷ്ണ പുസ്ത പരിചയം നിർവ്വഹിച്ചു. പുസ്തക രചയിതാവ് പ്രന്യ പാറമ്മൽ മറുപടി പ്രഭാഷണം നടത്തി.