കൽപ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ് വഴി എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് പിടിയിലായ ആളിൽ നിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ചുപേരെ എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച് ഷഫീഖ്, പി.കെ പ്രഭാകരൻ, ടി.ബി അജീഷ്, കെ.കെ സുധീഷ്, എം.കെ ബാലകൃഷ്ണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ പി.കെ. പ്രഭാകരൻ, കെ.കെ. സുധീഷ് എന്നിവർ നേരത്തെ തന്നെ കേസിൽ ഉൾപ്പെട്ട് സസ്പെൻഷനിലാണ്. 2023 മാർച്ച് 21 നായിരുന്നു കേസിനാസ്പദമായ സംഭവം. എംഡി.എം.എയും കഞ്ചാവുമായി കാറിൽ എത്തിയ ഫാസിർ എന്നയാളെ വാഹന പരിശോധനയ്ക്കിടെ പിടികൂടുകയും പിന്നീട് ഇയാളിൽ നിന്ന് 50000 രൂപ കൈക്കൂലി വാങ്ങിയശേഷം ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു എന്നാണ് കേസ്.എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം എക്സൈസ് വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായത്.