വീണ്ടും നിപ? കോഴിക്കോട് അസ്വാഭാവിക പനി മരണം

കോഴിക്കോട്: ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നിപ സംശയിക്കുന്നുണ്ട്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.

മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും നിപയാണോ എന്നതില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. മരിച്ച രണ്ട് പേര്‍ക്കും നിപ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. മരിച്ച വ്യക്തികളെ സംബന്ധിച്ചടക്കം കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.

നേരത്തെ രണ്ട് വട്ടം നിപ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം നിരീക്ഷണത്തിലാണ്. നിപ ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി വിവരം സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് അടിയന്തിര നടപടികളിലേക്ക് കടക്കുകയായിരുന്നു. മന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *