വനത്തില്‍ നിന്നുള്ള തേന്‍ ശേഖരണം, ഇനി കരുതലോടെ

നൂല്‍പ്പുഴ: പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ ജനതയ്ക്കുള്ള ജീവനോപാധി പദ്ധതി പ്രകാരം വനത്തില്‍ നിന്ന് തേന്‍ ശഖരിക്കുന്നവര്‍ക്കായുള്ള പരിശീലനം നൂല്‍പ്പുഴ പഞ്ചായത്തില്‍ തുടങ്ങി. പ്രായോഗിക സുരക്ഷാ പരിശീലനത്തിന്റെ ഭാഗമായി ഫയര്‍ ആന്റ് റെസ്‌ക്യൂ സുല്‍ത്താന്‍ ബത്തേരി സ്റ്റേഷന്റെ നേതൃത്വത്തില്‍ പൊന്‍കുഴി കാട്ടുനായ്ക്ക സങ്കേതത്തിലാണ് പരിശീലനം നടന്നത്. പൊന്‍കുഴി, കാളന്‍കണ്ടി, അമ്പതേക്കര്‍ എന്നീ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ 60 പേര്‍ക്കാണ് പരിശീലനം ആരംഭിച്ചത്. തേന്‍ ശേഖരണം മുതല്‍ വിപണനം വരെയുള്ള ശൃംഖല പൂര്‍ണ്ണമായും കൈകാര്യം ചെയ്യാന്‍ തേന്‍ ശേഖരണം നടത്തുന്നവരെ പ്രാപ്തരാക്കുന്ന രീതിയിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്. തേന്‍ ശേഖരണത്തിനും, സംസ്‌കരണത്തിനുമെല്ലാം ആവശ്യമായ ഉപകരണങ്ങള്‍ ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് വേണ്ടി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ഐപ്പ്. ടി.പൗലോസ്, ബാലന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുജയ് ശങ്കര്‍, സതീഷ്, മാര്‍ട്ടിന്‍, ജില്ലാ കോര്‍ഡിനേറ്റര്‍പി.സി. ദിലീപ്, ഫീല്‍ഡ് ഓഫീസര്‍ എം.ആര്‍ ശ്രുതി, പ്രമോട്ടര്‍ കെ.കെ രഞ്ജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *