ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; ഒന്നാം പാദത്തില്‍ 2255 കോടിയുടെ വായ്പാ വിതരണം

കൽപ്പറ്റ: ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ 2255 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി ഫിനാന്‍സ് ഓഫീസര്‍ സതീഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. ജില്ലയിലെ ബാങ്കുകളുടെ 2023 – 24 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു. വാര്‍ഷിക പ്ലാനിന്റെ 32.21 ശതമാനമാണ് വായ്പ നല്‍കിയത്. 1224 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 428 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും 349 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയില്‍ 2001 കോടി രൂപ മുന്‍ഗണന മേഖലയ്ക്കാണ് വിതരണം ചെയ്‌തെന്ന് യോഗം കണ്‍വീനറായ ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ അറിയിച്ചു. ഒന്നാം പാദത്തില്‍ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരുപ്പ് 9974 കോടിയായി വര്‍ധിച്ചു. നിക്ഷേപം 7479 കോടിയാണ്.

സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങളെയും അംഗമാക്കുന്നതിനു ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന സുരക്ഷ 2023 ന്റെ അവലോകനം ഡെപ്യൂട്ടി കളക്ടര്‍ കെ. ഗോപിനാഥ് നിര്‍വഹിച്ചു. ജില്ലയിലെ യോഗ്യരായ മുഴുവന്‍ ആളുകളെയും സാമൂഹ്യസുരക്ഷാപദ്ധതികളില്‍ ചേര്‍ക്കുക എന്നതാണ് ജില്ലാ ഭരണകൂടത്തിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മേല്‍നോട്ടത്തില്‍, നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന സുരക്ഷ 2023 പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ ജില്ലയിലെ ഏഴു പഞ്ചായത്തുകളും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയും പദ്ധതി പൂര്‍ത്തീകരിച്ചു. വയനാട് ലീഡ് ഡിസ്ട്രിക്ട് ഓഫീസറും റിസര്‍വ് ബാങ്ക് മാനേജറുമായ ഇ.കെ രഞ്ജിത്ത്, നബാര്‍ഡ് ജില്ലാ ഡെവലപ്പ്‌മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. ജിഷ, വ്യവസായ വകുപ്പ് മേധാവി ലിസിയാമ്മ സാമുവല്‍, ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി, എന്‍.ആര്‍. ഇ. ജി. എസ് ജോയിന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.സി. മജീദ്, എന്‍. യു. എല്‍. എം മാനേജര്‍ എസ്.നിഷ എന്നിവര്‍ വായ്പ അവലോകനത്തിന് നേതൃത്വം നല്‍കി. യോഗത്തില്‍ ജില്ലയിലെ മുഴുവന്‍ ബാങ്കുകളും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *