വന്യമൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണണം : എന്‍.ഡി. അപ്പച്ചന്‍

തിരുനെല്ലി:- വയനാട് ജില്ലയിലെ പ്രത്യേകിച്ച് തിരുനെല്ലി പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ ആവശ്യപ്പെട്ടു. മാസങ്ങളായി പനവല്ലി പ്രദേശത്ത് കടുവാ ആക്രമണം ഉണ്ടായിട്ടും പല പ്രാവശ്യം വയനാട് സന്ദര്‍ശിച്ച വനം വകുപ്പ് മന്ത്രി പ്രസ്തുത സ്ഥലം സന്ദര്‍ശിക്കുകയോ, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക രീതിയില്‍ വന്യമൃഗങ്ങൾ നാട്ടില്‍ പ്രവേശിക്കാത്ത പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് ജനങ്ങള്‍ക്ക് സംരക്ഷരക്ഷണം നല്‍കുന്നതിന് വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് എന്‍.ഡി. അപ്പച്ചന്‍ ആവശ്യപ്പെട്ടു.സി.പി.എം ഭരിക്കുന്ന തിരുനെല്ലി പഞ്ചായത്തില്‍ വര്‍ഷങ്ങളായി വന്യമൃഗശല്യം കാരണം ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോഴും സി.പി.എം എം.എല്‍.എയോ ബന്ധപ്പെട്ട അധികാരികളോ ആവശ്യമായ നടപടികള്‍ ഇതുവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. വന്യമൃഗ ശല്യം കാരണം പാവപ്പെട്ട കര്‍ഷകരുടെ കൃഷി നശിക്കുകയും ഉപജീവന മാര്‍ഗം ഇല്ലാതാവുകയും ജീവിതം ദുരിതപൂര്‍ണമാവുകയും ചെയ്ത സാഹചര്യത്തില്‍ പോലും വേണ്ടത്ര നഷ്ടപരിഹാരം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഖജനാവ് കാലിയാണെന്ന് ഇടയ്ക്കിടെ പറയുന്ന സര്‍ക്കാര്‍ അവരുടെ പ്രചരണത്തിനു വേണ്ടി കോടികള്‍ ധൂര്‍ത്തടിക്കുകയാണ്.ഈ അടുത്ത് തിരുനെല്ലി പ്രദേശവാസികളുടെ വീടുകളില്‍ കടുവ കയറിയത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വന്യമൃഗ ശല്യം കൂടിവരുന്ന സാഹചര്യത്തില്‍ വനം വകുപ്പ് ഒരു പരിഹാരവും കാണാതെ കയ്യും കെട്ടി നോക്കിയിരിക്കുകയാണ്. ഇതിനെതിരെ തിരുനെല്ലി – തൃശ്ശിലേരി സംയുക്ത മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അപ്പപ്പാറ ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പനവല്ലി കടുവ കയറിയ വട്ടച്ചി കൈമയുടെ വീട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ സന്ദര്‍ശിച്ചു.തിരുനെല്ലി മണ്ഡലം പ്രസിഡണ്ട് ശശികുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുന്‍ സെക്രട്ടറി അഡ്വ. എന്‍.കെ.വര്‍ഗീസ്, മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് എ.എം. നിഷാന്ത്, ഡി.സി.സി ജനറല്‍ സെക്രട്ടറി എക്കണ്ടി മൊയ്തൂട്ടി, കെ.എസ്.യു. സംസ്ഥാന കമ്മിറ്റി അംഗം സുശോബ് ചെറുകുമ്പം, റീന ജോര്‍ജ്, കെ.ജി. രാമകൃഷ്ണന്‍, സതീശന്‍ പുളിമൂട് എന്നിവര്‍ സംസാരിച്ചു. ധര്‍ണ്ണക്ക് എം. പത്മനാഭന്‍, ജോര്‍ജ് .എ, ബാലനാരായണന്‍, മത്തായി പി.ജി, കെ.ജി തിമ്മപ്പന്‍, മാത്തപ്പന്‍ പനവല്ലി, നാരായണന്‍ തോല്‍പ്പെട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *