കുടകിലെ മരണങ്ങൾ പ്രത്യേക സംഘത്തെ കൊണ്ട്‌ അന്വേഷിപ്പിക്കണം: സി കെ ശശീന്ദ്രൻ

കൽപ്പറ്റ :കർണാടകയിലെ കുടക്‌ ജില്ലയിലെ തോട്ടങ്ങളിൽ പണിക്കായി കൊണ്ടുപോയ വയനാട്ടിലെ ആദിവാസികളുടെ ദുരൂഹമരണങ്ങളും തൊഴിൽ  ചൂഷണവും പ്രത്യേക സംഘത്തെകൊണ്ട്‌  അന്വേഷിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആദിവാസി ഭൂസമര സഹായ സമിതി കൺവീനർ സി കെ ശശീന്ദ്രൻ മുഖ്യമന്ത്രിക്ക്‌ കത്തയച്ചു.  
ദൂരൂഹ സാഹചര്യത്തിൽ മരിക്കുന്ന ആദിവാസികളുടെ എണ്ണം ഏറുകയാണെന്നും സ്‌ത്രീകളുൾപ്പെടെയുള്ളവർ കടുത്ത ചൂഷണമാണ്‌ നേരിടുന്നതെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്‌. അഞ്ച്‌ വർഷത്തിനിടെ 13 പേരാണ്‌  മരിച്ചത്‌. ഒന്നിലും കൃത്യമായ അന്വേഷണമോ, നടപടികളോ ഇല്ല.
ആദിവാസികളെ ഇതരസംസ്ഥാനങ്ങളിൽ ജോലിക്ക്‌ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട നടപടികൾ സംബന്ധിച്ച്‌  2008ൽ എൽഡിഎഫ്‌ സർക്കാർ  മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നു.  ഊരുമൂപ്പൻ, എസ്‌ടി പ്രൊമോട്ടർ, ടിഡിഒ, പൊലീസ്‌ എന്നിവരെ വിവരം അറിയിക്കണം. തൊഴിൽ ദിനങ്ങൾ, വേതനം എന്നിവ സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങൾ നൽകണം. അതിർത്തികടക്കുന്ന വാഹനങ്ങളെയും അതിലെ തൊഴിലാളികളെയും കുറിച്ചുള്ള കണക്കുകൾ സൂക്ഷിക്കണം. തുടങ്ങിയ നിർദേശങ്ങളാണ്‌ നൽകിയത്‌. എന്നാൽ ഇവ പാലിക്കപ്പെടുന്നില്ല.  
കാപ്പി പറിക്കാനായി കുടകിൽകൊണ്ടുപോയ പനമരം പരക്കുനി കോളനിയിലെ സന്ധ്യയെ ക്രൂരമായി മർദിച്ച പനമരം സ്വദേശികളായ പ്രതികൾക്ക്‌ ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌.
സന്ധ്യയെ സി കെ ശശീന്ദ്രനും എകെഎസ്‌ നേതാക്കളും വീട്ടിൽ സന്ദർശിച്ചു. എകെഎസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സീതാ ബാലൻ, പനമരം ഏരിയാ സെക്രട്ടറി പി സി രാമചന്ദ്രൻ, പഞ്ചായത്ത്‌ അംഗം സി വി അജിത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *