വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ജില്ലാകളക്ടറുടെ പരാതി പരിഹാര അദാലത്ത്
-12 വരെ അപേക്ഷിക്കാം

ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദലാത്തില്‍ ഒക്ടോബര്‍ 12 വരെ അപേക്ഷ നല്‍കാം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകള്‍ക്ക് കീഴില്‍ വരുന്ന എല്ലാ വില്ലേജുകളിലെയും പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനുള്ള പ്രത്യേക അദാലത്താണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍ എന്നിവ ഒഴികെയുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ പരിഗണിക്കും. എഴുതി തയ്യാറാക്കിയ അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. അദാലത്ത് തീയതി പിന്നീട് അറിയിക്കും.

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം നാളെ രാവിലെ 10ന് തൃശ്ശിലേരി ക്ഷീര സംഘം ഓഫീസ്, ഉച്ചക്ക് 1.30 പനവല്ലി ക്ഷീര സംഘം ഓഫീസ്.

സ്‌കോളര്‍ഷിപ്പ്, അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനും ക്യാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവയുമായി ഒക്ടോബര്‍ 31 നകം അപേക്ഷ നല്‍കണം. ഫോണ്‍: 0495 2384355.

തുമ്പക്കുനിയില്‍ പാലം നിര്‍മ്മിക്കും

മീനങ്ങാടി വണ്ടിച്ചിറ കവല- തുമ്പക്കുനി- പള്ളിക്കമൂല റോഡിലെ പുറക്കാടി പുഴക്ക് കുറുകെ തുമ്പക്കുനിയില്‍ പാലം നിര്‍മിക്കും. പാലം പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തര്‍ക്കങ്ങള്‍ പരിഹരിച്ച് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എത്രയും വേഗം തുടങ്ങാന്‍ തീരുമാനമായി. പാലം നിര്‍മാണം ആരംഭിക്കുന്നതോടെ പതിറ്റാണ്ടുകളായി വണ്ടിച്ചിറ, തുമ്പക്കുനി, പള്ളിക്കമൂല തുടങ്ങിയ വിവിധ പ്രദേശങ്ങളിലുള്ളവരുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. പാലം നിര്‍മിക്കുന്നതിനും അപ്രോച്ച് റോഡ് നിര്‍മാണത്തിനുമായി ടെണ്ടര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

2019-20 ലാണ് പദ്ധതിക്കായി 30 ലക്ഷം രൂപ വകയിരുത്തിയത്. 2019 ആഗസ്റ്റ് 30ന് പ്രാരംഭമായുള്ള പരിശോധന ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 4.50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതുപ്രകാരം വിശദമായ പരിശോധനയും പാലത്തിന്റെ രൂപകല്‍പനയും പൂര്‍ത്തിയാക്കി. 2021 ഡിസംബര്‍ ഒന്നിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം പാലത്തിനും അപ്രോച്ച് റോഡിനുമായി 12 കോടിയുടെ ഭരണാനുമതി ലഭിച്ചു. 2022 ജൂലൈ 22ന് സാങ്കേതികാനുമതിയും ലഭിച്ചു. 21.55 മീറ്ററിന്റെ രണ്ട് സ്പാനുകളും 22.00 മീറ്ററിന്റെ ഒരു സ്പാനും ഉള്‍പ്പെടെ പാലത്തിന്റെ ആകെ നീളം 65.10 മീറ്ററാണ്. ഇരുവശവും 1.50 മീറ്റര്‍ വീതിയില്‍ നടപാതയോടുകൂടി പാലത്തിന്റെ ആകെ വീതി 11.00 മീറ്ററാണ്. വണ്ടിചിറ കവല ഭാഗത്ത് 900 മീറ്ററും പള്ളിക്കമൂല ഭാഗത്ത് 1144 മീറ്ററും നീളത്തിലാണ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തികള്‍, ഏഴു കലുങ്കുകള്‍ 1655 മീറ്റര്‍ ഡ്രൈനേജ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍, വികസന സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്, വാര്‍ഡ് മെമ്പര്‍ ലൗസന്‍, റവന്യു ഉദ്യോഗസ്ഥര്‍, പിഡബ്ല്യു.ഡി ബ്രിഡ്ജസ്, മൈനര്‍ ഇറിഗേഷന്‍, കരാറുകാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *