‘സുമന’ വനിതാ മാനസികാരോഗ്യ പദ്ധതി ഉദ്ഘാടനം ചെയ്തു


കൽപ്പറ്റ :ജില്ലാ പഞ്ചായത്തിന്റെയും കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സുമന വനിതാ മാനസികാരോഗ്യ പദ്ധതി ജില്ലയില്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പ്രീത മുഖ്യ പ്രഭാഷണം നടത്തി. മാനസികാരോഗ്യ പദ്ധതി മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിന്‍സി മത്തായി പദ്ധതി വിശദീകരിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ അങ്കണവാടി ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും നടന്നു.
ജില്ലാ പഞ്ചായത്തിന്റെ 2023 -2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയാണ് സുമന മാനസികാരോഗ്യ പദ്ധതിക്കായി നീക്കിവെച്ചത്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും മാനസികാരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യമായ വൈദ്യസഹായവും കൗണ്‍സിലിങ്ങും നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം. സ്ത്രീകളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യും.16 വയസ്സ് മുതല്‍ 65 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കാണ് പദ്ധതി വഴി ചികിത്സ ലഭ്യമാക്കുന്നത്. കൗണ്‍സിലിംഗ്, സൈക്കോ തെറാപ്പി, ആയുര്‍വേദ ചികിത്സകള്‍ എന്നിവ നല്‍കും. കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ 2 വരെ ചികിത്സ ലഭ്യമാണ്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി, മെമ്പര്‍ ബീന ജോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി പ്രദീപന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി സാജന്‍, കുടുംബശ്രീ മിഷന്‍ ഡി.പി. ഒ ആശാ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *