മരക്കടവിലെ കാർഷിക പ്രതിസന്ധി പരിഹരിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും: മന്ത്രി പി പ്രസാദ്

മരക്കടവ് : മരക്കടവ് പ്രദേശത്ത് കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുന്നതിനെപ്പറ്റി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. മരക്കടവിലെ നെൽപ്പാടം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കബനി നദിയിൽ നിന്നും അനുവദിച്ച വെള്ളം കൃഷിക്കായി എങ്ങനെ ഉപയോഗപ്പെടുത്തമെന്ന കാര്യത്തിൽ കൃഷി അഡി. ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ ഉപയോഗിച്ച് ഫീൽഡ് തല സർവേ നടത്തുമെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ജല ഉപയോഗം സാധ്യമാക്കാത്തതിനാൽ വർഷങ്ങളായി തരിശായി കിടക്കുകയാണ് മരക്കടവിലെ കരയും വയലും അടങ്ങുന്ന അഞ്ഞൂറ് ഏക്കറോളം വരുന്ന പ്രദേശം. പ്രദേശത്തിന് സമീപത്ത് കൂടെ ഒഴുകുന്ന കബനി നദിയിലെ വെള്ളം ഉപയോഗപ്പെടുത്താനുള്ള സംവിധാനം ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പാടിച്ചിറയിൽ സംസ്ഥാന കർഷക അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് മന്ത്രി മരക്കടവിൽ എത്തിയത്. മരക്കടവിൽ എത്തിയ മന്ത്രി പ്രദേശത്തെ കർഷകരുമായ് സംസാരിച്ചു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയൻ, ജില്ലാ കൃഷി ഓഫീസർ പി.അജിത്ത് കുമാർ, മുള്ളൻകൊല്ലി കൃഷി ഓഫീസർ ടി.എസ് സുമിന തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *