വീട്ടില്‍ നിന്നുള്ള മാലിന്യം കൊണ്ട് വന്ന് സിവില്‍ സ്‌റ്റേഷനില്‍ തള്ളുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. ജില്ലാ വികസന സമിതി യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ജില്ലാതല ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച നിര്‍ദേശം ഓഫീസിലുള്ളവര്‍ക്ക് നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
മാധ്യമങ്ങളിലെ വാര്‍ത്തകളിലൂടെ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാതല ഉദ്യോഗസ്ഥരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ജില്ലാ തലത്തില്‍ പരിഹാരം കാണാന്‍ കഴിയുന്നവ പരിഹരിച്ച് റിപ്പോര്‍ട്ട് ചെയ്യമെന്നും ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ മാസവും ജില്ലാ വികസന സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച പുരോഗതി വിലയിരുത്തും.
എം.എല്‍.എമാരായ ഒ.ആര്‍ കേളു, ടി. സിദ്ധീഖ്, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്തു.