ബൈസൈക്കിൾ ചലഞ്ച് രണ്ടാം എഡിഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ബൈക്കേഴ്സ് ക്ലബ്ബിന്റെ വയനാട് ബൈസൈക്കിൾ ചലഞ്ച് രണ്ടാം എഡിഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ കൽപ്പറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നവംബർ അഞ്ചിന് രാവിലെ 7 മണിക്ക് ഓഷിൻ ഹോട്ടൽ പരിസരത്ത് ജില്ലാ പോലീസ് മേധാവി പഥംസിംഗ് ഫ്ലാഗ് ഓഫ് ചെയ്യും.മുട്ടിൽ, മീനങ്ങാടി, കൊളഗപ്പാറ, അമ്പലവയൽ, മേപ്പാടി വഴി സഞ്ചരിച്ച് കൽപ്പറ്റ ബൈപ്പാസിൽ കബാബ് ഷാക്ക് ഹോട്ടൽ പരിസരത്ത് ചലഞ്ച് സമാപിക്കും. പതിനൊന്ന് മണിക്ക് ഓഷിൻ ഹോട്ടലിൽ നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ടി സിദ്ധിഖ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ് കേയംതൊടി, സ്പോർട്ട് കൗൺസിൽ പ്രസിഡന്റ് എം മധു, ഡി ടി പി സി സെക്രട്ടറി അജേഷ് കെ ജി തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ കേരളീയം-2023 ൻറെ ഭാഗമായി വയനാട് ജില്ലയിൽ സുസ്ഥിര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേവുമായി വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും വയനാട് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായാണ് ഇത്തവണ വയനാട് ബൈസൈക്കിൾ ചലഞ്ച് സംഘടിപ്പിക്കുന്നത്. ഡോ. മുഹമ്മദ് സാജിദ്, ഷൈജൽ കുന്നത്തു, അബ്ദുൽ ഹാരിഫ്, സുധീഷ് സിപി, ശാദുലി പുനത്തിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. )ചലഞ്ചിൽ ദേശീയ സംസ്ഥാന താരങ്ങൾ ഉൾപ്പെടെ നൂറിലധികം താരങ്ങൾ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി ഒന്നരലക്ഷം രൂപയാണ് വിജയികൾക്ക് വയനാട് ബൈക്കേഴ്സ് ക്ലബ്ബ് പ്രഖ്യാപിച്ചിരിക്കുന്നത്. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പ്രോഗ്രാം ലോഞ്ചിംഗ് നിർവ്വഹിച്ച ചലഞ്ചിന്റെ രണ്ടാം എഡിഷൻ പ്രഖ്യാപനം തിരുവമ്പാടിയിൽ ലിന്റോ ജോസഫ് എം എൽ എയാണ് ദേശീയ കയാക്കിംഗ് വേദിയിൽ വെച്ച് നടത്തിയത്. സുസ്ഥിര വികസനം, ഹരിത തത്വങ്ങൾ പാലിച്ചു പ്രകൃതിയോടിണങ്ങിയ സാഹസിക വിനോദ ടൂറിസം,സൈക്കിൾ യാത്രകളുടെ പ്രോത്സാഹനം തുടങ്ങിയവയാണ് ചലഞ്ച് മുന്നോട്ടുവെക്കുന്നത്. പശ്ചിമഘട്ടത്തിലെ ബാക്ക് റോഡ് സവാരികളുടെ പ്രോത്സാഹനമാണ് സെക്കന്റ് എഡിഷന്റെ മുഖ്യ ആശയം. കഴിഞ്ഞ വർഷം ചേമ്പ്ര എക്കോ ടൂറിസം മേഖലയിൽ നടന്ന ചലഞ്ചിൽ കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നിരവധിപേർ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *