കടമാന്‍തോട് പദ്ധതി: പ്രതിഷേധവുമായി ഡാം വിരുദ്ധ കര്‍മ സമിതി

പുല്‍പ്പള്ളി: കടമാന്‍തോട് ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടു നടക്കുന്ന ബെഞ്ച് മാര്‍ക്ക് സര്‍വേയില്‍ പ്രതിഷേധവുമായി ഡാം വിരുദ്ധ കര്‍മ സമിതി. പ്രതിഷേധത്തിന്റെ ഭാഗായി ബുധനാഴ്ച രാവിലെ താഴെയങ്ങാടിയില്‍ പ്രകടനവും വില്ലേജ് ഓഫീസിനു മുന്നില്‍ പ്രകടനവും യോഗവും നടത്തി. രണ്ടിടത്തും സ്ത്രീകളും വ്യാപാരികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.ബെഞ്ച്മാര്‍ക്ക് സര്‍വേയുമായി ബന്ധപ്പെട്ട് താഴെയങ്ങാടി മത്സ്യ-മാംസ മാര്‍ക്കറ്റിന് സമീപം രേഖപ്പെടുത്തിയ പ്രദേശം നിര്‍ദിഷ്ട പദ്ധതിയുടെ റിസര്‍വോയറിന്റെ പരിധിയില്‍ വരുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. മാര്‍ക്കറ്റ് ഭാഗത്ത് വെള്ളയും ചുവപ്പും നിറങ്ങളിലാണ് അടയാളം ഇട്ടിരിക്കുന്നത്. ഈ സ്ഥലത്തിന് മുകളിലുള്ള പ്രദേശം കരുതല്‍ മേഖലയായി പ്രഖ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. ഇങ്ങനെ വന്നാല്‍ ടൗണിന്റെ ഹൃദയഭാഗം ഭാവിയില്‍ ഇല്ലാതാകുമെന്ന് കര്‍മ സമിതി ഭാരവാഹികള്‍ പറഞ്ഞു.വില്ലേജ് ഓഫീസ് പരിസരത്ത് യോഗത്തില്‍ കര്‍മ സമിതി കണ്‍വീനര്‍ സിജോഷ് ഇല്ലിക്കല്‍ പ്രസംഗിച്ചു.പ്രകടനത്തിന് നെബു താഴെയങ്ങാടി, ഷിനോജ് കണ്ണംപള്ളില്‍, രാജീവ് മീനംകൊല്ലി, ഷിജാ സോയി, ബിജു പുലരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *