മാനന്തവാടി : തലപ്പുഴ കണ്ണോത്ത് മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ ധനസഹായ നല്‍കികൊണ്ടുള്ള ഉത്തരവ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും നല്‍കി. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും പരുക്കേറ്റ 5 പേര്‍ക്ക് 3 ലക്ഷം രൂപ വീതവുമാണ് കൈമാറിയത്. ഓഗസ്റ്റ് 28 ന് തവിഞ്ഞാല്‍ വില്ലേജിലെ കണ്ണോത്ത് മലയില്‍ കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ 9 പേര്‍ മരണപ്പെടുകയും 5 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചിരുന്നു. തുടര്‍ന്ന് ജില്ലയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ധനസഹായ വിതരണ ചടങ്ങില്‍ സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ്, വാര്‍ഡ് മെമ്പര്‍ ജോസ് പാറക്കല്‍, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.