തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വർഗ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വ്യാപക ക്രമക്കേടുകളാണ് ഓപ്പറേഷൻ വനജ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പട്ടിക ജാതി വിഭാഗത്തിലെ ഗർഭിണികൾക്ക് 2000 രൂപ നൽകുന്ന ജനനി ജന്മ രക്ഷ പദ്ധതിയിൽ ആലപ്പുഴ, കൊല്ലം ജില്ലകളിൽ പണം വിതരണം ചെയ്തതിൽ ക്രക്കേടുകൾ കണ്ടെത്തി. രണ്ടര കോടി ചെലവഴിച്ചു നിർമിച്ച കുടിവെള്ള പദ്ധതി ഓരാൾക്കും ഉപകാരമില്ലാതെ പോയെന്നു കാഞ്ഞിരപ്പള്ളിയിലെ പട്ടിക വർഗ വികസന പ്രൊജക്ട് ഓഫീസിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞു. പട്ടിക ജാതിയിൽപ്പെട്ട കോളജ് വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്യാതെ റാന്നി പട്ടിക വർഗ വികസന ഓഫീസിൽ സൂക്ഷിച്ചു. കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയായ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി റാന്നി പട്ടിക വർഗ വികസന ഓഫീസിൽ മതിയായ പരിശോധന ഇല്ലാതെ പണം നൽകിയെന്നും കണ്ടെത്തി.