മാലിന്യ സംസ്‌ക്കരണം ശ്രദ്ധേയമായി ഹരിത സഭകള്‍

കൽപ്പറ്റ : മാലിന്യ സംസ്‌കരണ മേഖലയില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി ഹരിത സഭകള്‍. മാലിന്യമുക്ത നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ശിശുദിനത്തില്‍ കുട്ടികളുടെ ഹരിത സഭകള്‍ സംഘടിപ്പിച്ചു. ഓരോ തദ്ദേശസ്ഥാപനങ്ങളിലും 200 ലധികം കുട്ടികളാണ് ഹരിത സഭകളില്‍ പങ്കെടുത്തത്. മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുക, പുതുതലമുറയില്‍ ശാസ്ത്രീയ മാലിന്യ സംസ്‌കരണം സംവിധാനങ്ങള്‍ ഉറപ്പു വരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഹരിത സഭകള്‍ നടത്തിയത്. ഹരിത സഭയിലൂടെ നവകേരള സൃഷ്ടിക്കായി പുതുതലമുറയുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുളള വേദിയാണ് ഒരുക്കിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, നവകേരളം മിഷന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.ഒരോ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായാണ് സ്‌കൂള്‍ കുട്ടികളെ ഹരിത സഭയിലേക്ക് തിരഞ്ഞെടുത്തത്. ഹരിത സഭയില്‍ അംഗമായ കുട്ടികള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം നിലവിലെ അവസ്ഥ, മാലിന്യ കൂനകള്‍ , മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍ , നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിച്ചു. റിപ്പോര്‍ട്ടില്‍ കണ്ടെത്തുന്ന പ്രശ്നങ്ങള്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ വിലയിരുത്തുകയും പരിഹരിക്കുകയും ചെയ്യും. ഹരിത സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനും കുട്ടികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒരു അധ്യാപകനെ നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തും. ഹരിത സഭയിലുടെ കുട്ടികള്‍ രുപീകരിച്ച പുതിയ ആശയങ്ങള്‍ നഗരസഭയുടെ മാലിന്യ സംസ്‌കരണപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഹരിത സഭയിലുടെ കുട്ടികള്‍ക്ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും, പോരായ്മകള്‍ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ച് കൃത്യമായി മാലിന്യ സംസ്‌കരണം ഉറപ്പുവരുത്താനുളള പ്രവര്‍ത്തനങ്ങളും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *