കുട്ടികൾക്ക് ഭക്ഷണം നൽകാൻ പണം കണ്ടെത്തണം’: ഉച്ചഭക്ഷണ പദ്ധതി സംരക്ഷിക്കാൻ പുതിയ സമിതി

തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ പുതിയ സമിതിയുണ്ടാക്കാൻ സർക്കാർ നിർദേശം. ഈമാസം മുപ്പതിന് മുൻപ് സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ രൂപീകരിക്കാനാണ് നിർദേശം നൽകിയത്. പദ്ധതിക്കായി പണം കണ്ടെത്തുകയാണ് സമിതിയുടെ ചുമതല. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അറുപത് ശതമാനം ചെലവ് കേന്ദ്ര സർക്കാരാണ് നൽകിയിരുന്നത്. ഈ ഫണ്ട് ലഭിക്കുന്നതിലെ കാലതാമസമാണ് പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചത് എന്നാണ് സർക്കുലറിലുള്ളത്. വാർഡ് മെമ്പർ കൺവീനറായി ആറംഗ സംരക്ഷണ സമിതി രൂപീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. പിടിഎ പ്രസിഡന്റ്, പൂർവ്വ വിദ്യാർഥി പ്രതിനിധി തുടങ്ങിയവർ അംഗങ്ങളാണ്. രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, പൗര പ്രമുഖർ എന്നിവരിൽ നിന്നം പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാണ് നിർദേശം. സിഎസ്ആ‌ ഫണ്ടുകളും പ്രയോജനപ്പെടുത്തണം. പലിശ രഹിത സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ചാൽ, ഉച്ചഭക്ഷണ ഫണ്ട് ലഭിച്ചാലുടൻ പ്രധാനാധ്യാപകർ പണം തിരികെ നൽകണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *