*കെ.എ.ടി യുടെ വിധിന്യായം സർക്കാരിൻ്റെ മുഖത്തേറ്റ അടി: കേരള എൻ.ജി.ഒ അസോസിയേഷൻ*

കൽപ്പറ്റ: സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും കുടിശ്ശികയായ ക്ഷാമബത്ത തടഞ്ഞുവെച്ച നടപടിക്കെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അഭിപ്രായപ്പെട്ടു. ജീവനക്കാർക്കു വേണ്ടി കോടതിയെ സമീപിച്ച കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളീയം, നവകേരള സദസ്സ് ഉൾപ്പെടെ നടത്തുന്നതിന് സർക്കാർ ഖജനാവിൽ നിന്നും കോടികൾ ചെലവഴിച്ച് വലിയ ധൂർത്താണ് നടത്തുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തിയത് സാമൂഹിക പെൻഷൻ കൊടുക്കാനാണെന്ന് ന്യായം പറഞ്ഞ സർക്കാർ അഞ്ച് മാസമായി പെൻഷൻ കുടിശ്ശികയാക്കിയിരിക്കുകയാണ്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് കെ.എ.ടി യുടെ ഉത്തരവ്.ഡിസംബർ 11-ന് കേസ്സ് വീണ്ടും പരിഗണിക്കുമ്പോൾ കൃത്യമായ മറുപടി നൽകണമെന്നും അല്ലാത്തപക്ഷം സ്വന്തമായി വിധി പ്രസ്ഥാവന പുറപ്പെടുവിക്കുമെന്നുമാണ് കോടതിയുടെ അന്ത്യശാസനം. സാമ്പത്തിക നിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത തടഞ്ഞു വെയ്ക്കാനാവില്ലെന്ന കോടതി പരാമർശം സ്വാഗതാർഹമാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡണ്ട് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം ടി.അജിത്ത് കുമാർ, ഇ.വി.ജയൻ, എം.വി.സതീഷ്, എം.മുരളി, പി.സി.എൽസി, ബിജു ജോസഫ്, കെ.ജി.പ്രശോഭ്, കെ.സി.ജിനി തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ശ്രീജിത്ത് കുമാർ, പി.സെൽജി, അഖിലേഷ്, എൽദോ, നിഷ മണ്ണിൽ, വിശാന്ത്, ഷെറിൻ ക്രസ്റ്റഫർ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *