തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാരിന്റെ സാമ്പത്തിക സഹായം. 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു. ഈ മാസം ആദ്യം 30 കോടി രൂപ സർക്കാർ സഹായം നൽകിയിരുന്നു. കോർപറേഷന് ഈ വർഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. ഈ വർഷം ഇതുവരെ 1234.16 കോടി രൂപയാണ് സർക്കാർ നൽകിയത്. രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം 4933.22 കോടി രൂപ നൽകി. ഏഴ് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ 9886.22 കോടി നൽകിയതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.