തരുവണ:പുതിയ തലമുറയ്ക്ക് ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി നൽകുക എന്ന ഉദ്ദേശത്തോടെ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ എ.ഡി ഗ്രൂപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന ‘സവാരി ചിരി ചിരി’ സൗജന്യ സൈക്കിൾ വിതരണ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.തരുവണ ഗവ.യു. പി സ്കൂളിൽ നടന്ന ചടങ്ങിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.എ.ഡി ഗ്രൂപ്പ് ഡയറക്ടർ ശിഹാബ് പള്ളിക്കര, സിദ്ധീഖ് വെള്ളച്ചാൽ, എച്ച്. എം വിജയൻ വി.പി, സജിത്ത് ഐ.വി,തസ്‌ലിമ കെ തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ ശാരീരിക പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനു സൈക്ലിംഗ് പ്രശംസനീയമാണ്.പ്രകൃതി സൗഹൃദ ഗതാഗതത്തെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ പുതിയൊരു ആരോഗ്യസംസ്ക്കാരം തന്നെ വളര്‍ത്തിയെടുക്കുവാൻ എൽ. പി സ്കൂൾ തലത്തിലുള്ള സൈക്കിൾ ക്ലബ്ബുകൾ സഹായിക്കുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.സൈക്കിളിംഗ് കേവലം സവാരിയുംഗ്രേസ് മാർക്കിനുള്ള ഊടുവഴിയും മാത്രമല്ലാതെ നമ്മുടെ ശരീരത്തിനും മനസ്സിനും ഉണർവേകുന്ന ,പരിസ്ഥിതി സൗഹാർദ്ദ കായിക വിനോദം എന്ന നിലയിലാണ് സൈക്കിൾ ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കേണ്ടത്.വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ എൽ.പി സ്കൂൾ തല സൈക്കിൾ ക്ലബിനാണ് സൗജന്യമായി സൈക്കിൾ വിതരണം ചെയ്യുന്നത്.ആരോഗ്യത്തിന് സൈക്കിൾ യാത്ര എന്നതാണ്’സവാരി ചിരി ചിരി’പദ്ധതിയുടെ മുദ്രാവാക്യം.