കൊല്ലം: മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ പിടിയിലായതിൽ സന്തോഷമുണ്ടെന്ന് ആറ് വയസുകാരിയുടെ അച്ഛൻ റെജി. മകൾ തിങ്കളാഴ്ച മുതൽ സ്കൂളിൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ സംഘത്തെ പ്രശംസിച്ച അദ്ദേഹം തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നതിൽ വേദനയുണ്ടെന്നും പറഞ്ഞു. കുറ്റകൃത്യം ചെയ്ത മൂന്നു പേരെയും പൊലീസ് പിടിച്ചിട്ടുണ്ട്. എഡിജിപി അജിത്കുമാർ സാറും നിശാന്തിനി മാഡവും അവരുടെ ടീമിനെ ഏകോപിപ്പിച്ച് വളരെ കാര്യക്ഷമമായ അന്വേഷണമാണ് നടത്തിയത്. എല്ലാവരും ഒരുമിച്ചു നിന്നതുകൊണ്ടാണ് ഇതിന് ഒരു പരിസമാപ്തിയിലേക്ക് എത്തിച്ചേരാൻ സാധിച്ചത്. അതിൽ ഞാൻ വളരെയധികം സന്തോഷവാനും പൂർണ തൃപ്തനുമാണ്. അന്വേഷണ ഉദ്യോഗസ്ഥർ എന്നെ വിളിച്ച് ധൈര്യം പകർന്നിരുന്നു. അതുകൊണ്ടുതന്നെ ഞാൻ തളർന്നു പോകാതെ ധൈര്യത്തോടെയാണ് നിന്നത്.- റെജി പറഞ്ഞു. ചില മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നതിൽ വേദനയുണ്ട്. മകൾ ഹോം വർക്കുകൾ ചെയ്തു തീർത്തു. തിങ്കളാഴ്ച മുതൽ അവൾ സ്കൂളിൽ പോയി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളാണ് പൊലീസ് പിടിയിലായത്. മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെആര്‍ പത്മകുമാര്‍ (52), ഭാര്യ എംആര്‍ അനിതകുമാരി (45), മകള്‍ പിഅനുപമ (20) എന്നിവരെ 14 ദിവസത്തേയ്ക്കാണു റിമാന്‍ഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും അനിതകുമാരി, അനുപമ എന്നിവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റും